ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാവും; വിയോജിപ്പ് രേഖപ്പെടുത്തി മല്ലികാര്‍ജുന ഖാര്‍ഗെ

ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാവും. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ നിര്‍ദേശത്തോട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭ സ്പീക്കര്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇതില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന ഖാര്‍ഗെ ഒഴികെയുള്ളവര്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്ക് നേരെയാണെന്നും അതിനാല്‍ ആ വിഭാഗത്തില്‍പ്പെട്ട ആരെയെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കണമെന്നാണ് ഖാര്‍ഗെ യോഗത്തില്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശത്തോടുള്ളവ വിയോജിപ്പ് ഖാര്‍ഗെ ഔദ്യോഗികമായി രേഖപ്പെടുത്തിയത്.