‘നിയമപോരാട്ടത്തിനാണ് നീക്കമെങ്കില്‍ നേരിടാന്‍ തയ്യാര്‍’; സിപിഐഎമ്മിനെ വെല്ലുവിളിച്ച് കെ ബാബു

കൊച്ചി: തന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നിയമപോരാട്ടത്തിന് ഒരുങ്ങുന്നതില്‍ പ്രതികരിച്ച് നിയുക്ത എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബു. കേസ് വന്നാല്‍ ശക്തമായി നേരിടും. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാനില്ലെന്നും കെ ബാബു പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

ബാബു ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് സിപിഐഎം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ടുകള്‍ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും ചോദ്യം ചെയ്യാനാണ് തീരുമാനം.

തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് ഫലത്തേച്ചൊല്ലി എല്‍ഡിഎഫ്-യുഡിഎഫ് വാക്പോര് തുടരുകയാണ്. ബിജെപി വോട്ട് വാങ്ങിയാണ് താന്‍ ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണെന്ന് കെ ബാബു പറഞ്ഞു. എം സ്വരാജ് പിണറായി വിജയന്റെ പൊന്നിന്‍കുടമാണെന്നും മുന്‍ മന്ത്രി പരിഹസിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് പോയ വോട്ടുകള്‍ തിരിച്ചുവന്നെന്നും അത് തൃപ്പുണിത്തുറയിലെ തന്റെ വിജയത്തിന് നിര്‍ണായകമായെന്നും ബാബു അഭിപ്രായപ്പെടുന്നു. എന്നാല്‍, അത് ബിജെപിയുടെ രാഷ്ട്രീയ വോട്ടുകളായിരുന്നില്ല. യുഡിഎഫില്‍നിന്ന് പോയ വോട്ടുകളായിരുന്നെന്നുമാണ് ബാബുവിന്റെ പക്ഷം.