‘പ്രഫുല്‍ പട്ടേല്‍ ഗുണ്ടാ അഡ്മിനിസ്‌ട്രേറ്റര്‍’; ദ്വീപിലെ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്മിനിസ്‌ട്രേറ്ററാണെന്ന് അദ്ദേഹം പറഞ്ഞു.

ശ്വാസം മുട്ടിച്ച് കൊല്ലുന്ന സമീപനമാണ് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്നത്. ദ്വീപിലെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും മുരളീധരന്‍ പറഞ്ഞു.

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ക്കെതിരെ സംയുക്ത നീക്കത്തിന് തയ്യാറെടുക്കുകയാണ് ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍. കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും രാഹുല്‍ ഗാന്ധിയും ലക്ഷദ്വീപിന്റെ സംസ്‌കാരത്തെ തകര്‍ക്കുന്ന നടപടികളില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യമുന്നയിച്ച് രാഷ്ട്രപതിക്ക് സംയുക്ത നിവേദനം നല്‍കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കും. എല്ലാപാര്‍ട്ടികളെയും വിഷയത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത്, കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ഇവയ്ക്ക് പുറമേ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇപ്പോഴത്തെ നീക്കം.