‘കുഴല്‍പ്പണക്കേസില്‍ നിക്ഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ വരെ എത്തും’; ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ എന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കുഴല്‍പ്പണക്കേസില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ചില അന്തര്‍ധാരകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നിലവിലെ അന്വേഷണത്തിനൊപ്പം മറ്റൊരു സമഗ്രാന്വേഷണവും വേണമെന്നാണ് മുരളീധരന്‍ ആവശ്യപ്പെട്ടത്.

സംസ്ഥാന സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനമെടുക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ഒരു പ്രമുഖ ജഡ്ജിയെ ഇതിനായി നിയമിക്കണം. എല്ലാ കള്ളത്തരവും പുറത്തുവരണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

കുഴല്‍പ്പണക്കേസിലും മറ്റും നിഷ്പക്ഷമായ ഒരു അന്വേഷണം ഉണ്ടായാല്‍ നരേന്ദ്രമോദിയില്‍ വരെ ചെന്നെത്തിയേക്കും. ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ എന്നറിയണം. ഒരാളും രക്ഷപ്പെടാത്ത രീതിയില്‍ അന്വേഷണത്തിന് തയ്യാറാകുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. കേരളത്തിലെ എല്ലാ മതേതര കക്ഷികളും സ്വാഗതം ചെയ്യുമെന്നാണ് പറയുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെലവ് കണക്കില്‍ ഹെലികോപ്ടറില്‍ വാടക കാണിച്ചിട്ടുണ്ടോ?. മൂന്ന് കോടി വരെ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും കേന്ദ്രം കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. അതില്‍ ചില സ്ഥാനാര്‍ത്ഥികള്‍ പറയുന്നത് 25ഉം 30ലക്ഷം വരെയാണ് തങ്ങളുടെ കൈകളിലെത്തിയെന്നാണ്. കുഴല്‍പ്പണമുള്‍പ്പെടെയുള്ള സാമ്പത്തിക തിരിമറികള്‍ ബിജെപിയില്‍ സംഭവിച്ചിട്ടുള്ളത്. കുഴല്‍പ്പണം നല്‍കിയതും കേന്ദ്ര നേതൃത്വം നല്‍കിയതും കേന്ദ്ര നേതൃത്വം തന്നെയാണ്. അപ്പോള്‍ അവരും ഉത്തരവാദിയാണെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോടികള്‍ ഒഴുക്കിയാണ് ബിജെപി പ്രചരണം നടത്തിയത്. രണ്ടാം കൊവിഡ് തരംഗം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ മുഖ്യകാരണം മോദിക്കും അമിത്ഷാക്കും എന്ത് വിലകൊടുത്തും ബംഗാള്‍ പിടിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നതാണ്. കൊവിഡ് തടയുന്നതില്‍ താല്‍പര്യമില്ലായിരുന്നു. കോടികളാണ് ബംഗാളില്‍ ചെലവാക്കിയതെന്നും മുരളീധരന്‍ പറഞ്ഞു.

അവിടുത്തെ നേതാക്കള്‍ കിട്ടിയ പണം അടിച്ചുമാറ്റാത്തതിനാല്‍ പലതും പുറത്ത വന്നില്ല. ഇവിടെ ഇപ്പോള്‍ മൂന്നര കോടി മാത്രമേ പുറത്തുവന്നിട്ടുള്ളൂ. പണം വന്ന മാര്‍ഗമടക്കം അന്വേഷിക്കണം. ഹെലികോപ്ടര്‍ വാടക സംബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ വന്നിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫുമല്ല കുഴല്‍പ്പണം ആരോപണം ഉന്നയിച്ചത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ജാനുവിനെ 10 ലക്ഷം കൊടുത്ത് മുന്നണിയിലെത്തിച്ചത് അന്വേഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.