കോഴിക്കോട്: കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതായത് നല്ല കാര്യമാണെന്ന് തുറന്നടിച്ച് കെ മുരളീധരന് എംപി. അതിന്റെ പേരില്‍ ഇനി പുതിയ ഗ്രൂപ്പ് ഉണ്ടാവരുത്. കോണ്‍ഗ്രസിനെ അതിശക്തമായി മുന്നോട്ട് കൊണ്ടുപോവാന്‍ സുധാകരന് കഴിയുമെന്നും മുരളീധരന് കോഴിക്കോട് പറഞ്ഞു.
‘ബിജെപിയോട് കോണ്‍ഗ്രസ് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ദുഷ്പേര് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊക്കെ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടത് അതുകൊണ്ടാണ്’, മുരളീധരന് ചൂണ്ടിക്കാട്ടി.
പിണറായി വിജയന് ഈ അവസരം മുതലെടുത്തു. ന്യൂനപക്ഷത്തിന്റെ വോട്ടും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി അവരുടെ വോട്ടും സിപിഐഎം വാങ്ങി. കോണ്‍ഗ്രസിന് മൊത്തം നഷ്ടമാണ് ഉണ്ടായത്. ബിജെപിക്കും സിപിഐഎമ്മിനും എതിരായ ആക്രമണത്തിനാണ് നേതൃത്വം ശ്രദ്ധ നല്‍കേണ്ടത്. അതിന് തന്നെ പോലുള്ളവരുടെ സഹായം ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നല്കി.
കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുക്കണം. ബിജെപി തന്നെയാണ് മുഖ്യ ശത്രുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഭരണത്തുടര്‍ച്ചയാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായിട്ടേയുള്ളൂ. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയം രൂക്ഷമായി മുന്നോട്ട് പോവുകയാണ്. ഇന്ധന വില, വാക്സിനേഷന് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്. അഖിലേന്ത്യാ തലത്തില്‍ ബിജെപിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസാണ് ഏറ്റെടുക്കേണ്ടത്. അതിന് പുതിയ നേതൃത്വത്തിന് സാധിക്കും എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരന് ഗ്രൂപ്പില്ലാത്തത് നന്നായെന്നും അദ്ദേഹം പ്രതികരിച്ചു. പക്ഷെ ഇതിന്റെ പേരില്‍ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. സുധാകരന്റെ ശൈലി ദോഷം ചെയ്യില്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കള്‍ ആരുടെയും പേര് നിര്‍ദ്ദേശിക്കാതിരുന്നതില്‍ തെറ്റില്ല. പാര്‍ട്ടിയിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം. സുധാകരന് വന്നപ്പോള്‍ അണികള്‍ ഒറ്റക്കെട്ടാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Also Read: സ്ഥാനമൊഴിയും മുമ്പ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്
അതേസമയം, കെ സുധാകരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ അടിമുടി മാറ്റം നിര്‍ദ്ദേശിച്ചിരിക്കുകയാണ് എഐസിസി. സംഘടന സംവിധാനം അടിമുടി മാറണമെന്നാണ് നിര്‍ദ്ദേശം. ഗ്രൂപ്പ് മാത്രം എന്ന രീതിയിലേക്ക് ഇനി മടക്കമില്ലെന്നാണ് എഐസിസിയുടെ നിലപാട്. എല്ലാ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും മാറ്റം ഉടന്‍ വേണമെന്നാണ് എഐസിസി നിര്‍ദ്ദേശം. മറ്റ് മാറ്റങ്ങളെല്ലാം ആറ് മാസത്തില്‍ പൂര്‍ത്തിയാക്കും. എല്ലാ ഭാരവാഹികള്‍ക്കും ചുമതലയും ടാര്‍ജറ്റും നിശ്ചയിക്കാനാണ് തീരുമാനമായിരിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ താല്പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും പുതിയ ചുമതല തീരുമാനിക്കുക എന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായില്ലെന്നും ഗ്രൂപ്പ് അതിപ്രസരം തുടര്‍ന്നു എന്നും അശോക് ചവാന് സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ക്കും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് അടിമുടി അഴിച്ചുപണി നിര്‍ദ്ദേശിച്ചിരിക്കുന്നത്.