‘വിന്‍സന്റ് നേരിട്ടു, എല്‍ദോസ് ഒളിവില്‍ പോയി’; പാര്‍ട്ടി നടപടി ഉടനെന്ന് കെ മുരളീധരന്‍, ലഡ്ഡു വിതരണത്തിന് പരിഹാസം

കോഴിക്കോട്: ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഓഫീസില്‍ ലഡ്ഡുവിതരണം നടത്തിയത് വിമര്‍ശിച്ച് കെ മുരളീധരന്‍. അന്തിമ വിധി വരുമ്പോള്‍ മാത്രമാണ് കുറ്റക്കാരനാണോ അല്ലയോ എന്നൊക്കെ വ്യക്തമാവുകയുള്ളൂ. അതിന് മുമ്പ് ആരൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അറിയില്ല. ലഡ്ഡുവിതരണം പാര്‍ട്ടിയുടെ അറിവോടുകൂടിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

എല്‍ദോസിനെതിരെ ഇന്നോ നാളെയോ പാര്‍ട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടി എന്നത് ശരിയാണ്. എങ്കിലും ഒളിവില്‍ പോകേണ്ട കാര്യമുണ്ടായിരുന്നില്ല. നേരത്തെ വിന്‍സന്റ് എംഎല്‍എക്കെതിരെ പരാതി വന്നപ്പോള്‍ അദ്ദേഹം അതിനെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിച്ചു. വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. എല്‍ദോസ് കുന്നപ്പിള്ളി പക്ഷേ, ഒളിവില്‍ പോവുകയാണ് ചെയ്തത്. കാര്യമെന്താണെന്ന് പാര്‍ട്ടിക്കുപോലും അറിയാത്ത അവസ്ഥയുണ്ടായി. അദ്ദേഹത്തിനെതിരെ നടപടി വേണം എന്നകാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. ആ തീരുമാനം കെപിസിസി പ്രസിഡന്റ് നടപ്പിലാക്കും’, കെ മുരളീധരന്‍ പറഞ്ഞു.

നടപടി വൈകുന്നത് നല്ലതല്ലെന്ന അഭിപ്രായമാണ് തന്റേത്. ഇന്നോ നാളെയോ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ വീട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് എല്‍ദോസ് ആവര്‍ത്തിക്കുന്നത്. സംസ്ഥാനം വിട്ട് പോയിരുന്നില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നതുകൊണ്ട് ഒളിവിലായിരുന്നെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.