‘മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്, അതില്‍ എത്ര കോടി അടിച്ചുമാറ്റാം എന്നാണ് നോട്ടം’; മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മുഖ്യമന്ത്രി സില്‍വര്‍ ലൈനുണ്ടാക്കി അതില്‍ എത്ര കോടി രൂപ അടിച്ചു മാറ്റാമെന്ന് നോക്കുകയാണെന്നാണ് മുരളീധരന്റെ വിമര്‍ശനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസ് സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്ര കോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്.’

നഗരസഭ നികുതി ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യം നടപടി സ്വീകരിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഗുരുതരമാകില്ലായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.