യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരന്‍? താല്‍പര്യമറിയിച്ച് എംപി, നീക്കം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കാനെന്ന് സൂചന

ന്യൂഡല്‍ഹി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരന്‍ എംപി താല്‍പര്യമറിയിച്ചെന്ന് സൂചന. കണ്‍വീനര്‍ സ്ഥാനത്തേക്ക് മുരളീധരനെ പരിഗണിക്കുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ മുരളീധരന്‍ താല്‍പര്യമറിയിച്ചതായി റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും പ്രതിപക്ഷനേതാവായി വിഡി സതിശനെയും നിയമിച്ച പശ്ചാത്തലത്തിലാണ് മുരളീധരന്‍ താല്‍പര്യമറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് മുരളീധരന്റെ നീക്കം. ഇക്കാര്യം താരിഖ് അന്‍വര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസിനെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം കെവി തോമസ് ഡല്‍ഹിയിലെത്തി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കാത്തതിന് പിന്നാലെ കെവി തോമസ് യുഡിഎഫ് കണ്‍വീനറാക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു.

കണ്‍വീനറുടെ കാര്യത്തില്‍ കാലതാമസമെടുക്കാതെ തീരുമാനമെടുക്കാനാണ് താരിഖ് അന്‍വറിനോട് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. ഇതിനായി താരിഖ് അന്‍വര്‍ കേരളത്തിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളുമായി കൂടിയാലോചന നടത്തി ഏകാഭിപ്രായത്തോടെ മുന്നണി കണ്‍വീനറെ തെരഞ്ഞെടുക്കാനാണ് താരിഖ് അന്‍വറിന്റെ ശ്രമം.

Also Read: പുനസംഘടനയില്‍ ഞങ്ങള്‍ക്ക് മുമ്പേ നടന്നവര്‍ക്ക് മുന്‍ഗണന നല്‍കണം; താരിഖ് അന്‍വറിന് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്

കെ മുരളീധരന്റെയും കെവി തോമസിന്റെയും പേരുകള്‍ക്കൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരും കണ്‍വീനര്‍ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡിന്റെ മുന്നിലുണ്ട്. മുരളീധരന്‍ സന്നദ്ധത അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ ആലോചനകള്‍ക്കൊടുവില്‍ പ്രഖ്യാപനം വൈകാതെയുണ്ടായേക്കുമെന്നാണ് സൂചന.