‘മെയ് 24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകും’; കോണ്‍ഗ്രസ് മുക്തമാക്കാന്‍ മോഡിക്ക് കഴിയുന്നില്ല, പിന്നെയാണോ പിണറായിക്കെന്ന് കെ മുരളീധരന്‍

തിരുവന്തപുരം: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തെ പൂര്‍ണമായും അംഗീകരിക്കുന്നെന്ന് കെ മുരളീധരന്‍ എംപി. ഒരു പരാജയവും ശാശ്വതമല്ല. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വികാരമല്ല വിവേകമാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

‘പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന മെയ് 24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകും. അതില്‍ ആര്‍ക്കും ആശങ്ക വേണ്ട. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇത്രയും വൈകിയത് എത്തു കൊണ്ടാണെന്ന് ചിന്തിക്കണം. കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കാന്‍ നരേന്ദ്ര മോഡിക്ക് കഴിയില്ല. പിന്നെയാണോ പിണറായി വിജയന്‍ അങ്ങനെ വിചാരിക്കുന്നത്’, മുരളീധരന്‍ ചോദിച്ചു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തോട് അറിയിച്ചു. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. താന്‍ മാറി തരാന്‍ തയ്യാറാണ്. തനിക്ക് തന്റെ കാര്യം മാത്രമേ പറയാനാകൂ എന്നും മുരളീധരന്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് നിയമനം സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമെടുക്കും. പ്രതിപക്ഷ നേതാവ് ആരെന്ന് എംഎല്‍എമാര്‍ അഭിപ്രായം പറയും. സംഘടന കാര്യമാണ് ഇനി മുഖ്യം. അപ്പോള്‍ കെപിസിസി പ്രസിഡണ്ടിന്റെ കാര്യം ചര്‍ച്ച ചെയ്യും. പുതിയ മന്ത്രിസഭയിലെ ആരേയും മോശക്കാരായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.