‘ചര്‍ച്ചയുണ്ടായിരുന്നെങ്കില്‍ സ്മൂത്താകുമായിരുന്നു’; കെ.പി.സി.സി പട്ടികയെ അനുകൂലിക്കാനും പ്രതികൂലിക്കാനും താനില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: കെ.പി.സി.സി പട്ടിക പുറത്തുവന്നതിന് പിന്നാലെ കരുതലോടെ പ്രതികരിച്ച് കെ മുരളീധരന്‍ എം.പി. പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്ന അഭിപ്രായം പ്രകടിപ്പിച്ച മുരളീധരന്‍, കോണ്‍ഗ്രസ് അധ്യക്ഷ ഒപ്പിട്ട ലിസ്റ്റില്‍ പൊതുചര്‍ച്ചയുടെ ആവശ്യമില്ലെന്ന മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ പട്ടികയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് അധ്യക്ഷ ഒപ്പിട്ട ഒരു പട്ടിക പുറത്തുവരുമ്പോള്‍ അതിനെക്കുറിച്ച് പൊതുചര്‍ച്ച നടത്തേണ്ട കാര്യമില്ല. അത് തീരുമാനപ്രകാരം പാര്‍ട്ടി അന്തിമമായി പുറത്തിറക്കിയ ലിസ്റ്റാണ്. ഒരു പൊതുചര്‍ച്ച നടന്നിരുന്നെങ്കില്‍ കൂറേക്കൂടി എളുപ്പത്തില്‍ പട്ടിക പുറത്തിറക്കാമായിരുന്നു. ഞാന്‍ ലിസ്റ്റിനെ അനുകൂലിക്കുന്നുമില്ല, പ്രതികൂലിക്കുന്നുമില്ല. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്. അത് എനിക്കും ബാധകമാണ്. അതുകൊണ്ടുതന്നെയാണ് ഞാനൊരു പൊതു ചര്‍ച്ചയിലേക്ക് പോവാത്തത്’, മുരളീധരന്‍ വ്യക്തമാക്കി.

പട്ടികയില്‍ ഗ്രൂപ്പ് സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന് അതൊരു യോഗ്യതയോ യോഗ്യതക്കുറവോ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗ്രൂപ്പുകളുടെ സ്വാധീനം പൂര്‍ണമായും ഇല്ലാതായോ എന്ന് കാലം തെളിയിക്കട്ടെ എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് യാതൊരു തലത്തിലുള്ള അതൃപ്തിയുമില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. പരാതികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വ്വാഹക സമിതിയംഗങ്ങള്‍, നാല് വൈസ് പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. എന്‍ ശക്തന്‍, വി.ടി ബല്‍റാം, വി.പി സജീന്ദ്രന്‍, വി.ജെ പൗലോസ് എന്നിവരാണ് നാല് വൈസ് പ്രസിഡന്റുമാര്‍. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍.

പത്മജ വേണുഗോപാല്‍, ഡോ സോന എന്നിവരാണ് നിര്‍വ്വാഹക സമിതിയിലെ വനിതകള്‍. അഡ്വ. ദീപ മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജലീല എന്നിങ്ങനെ മൂന്ന് വനികള്‍ ജനറല്‍ സെക്രട്ടറിമാരിലുണ്ട്.