‘ആര്യ രാജേന്ദ്രന് സൗന്ദര്യമുണ്ട്, പക്ഷെ വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ട്’; തിരുവനന്തപുരം മേയര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ. മുരളീധരന്‍ എം.പി. മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ടെങ്കിലും വായില്‍ നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണെന്നാണ് മുരളീധരന്‍ പറഞ്ഞത്. കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസ് സമരവേദിയിലായിരുന്നു മുരളീധരന്റെ പരാമര്‍ശം.

‘എം.പി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യ രാജേന്ദ്രന്‍ ഇരിക്കുന്നത്. അത് കൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വ്വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ടുപാടിക്കരുത് എന്ന് മാത്രമാണ് അവരോട് പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്’, കെ മുരളീധരന്‍ പറഞ്ഞു.

നഗരസഭ നികുതി ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യം നടപടി സ്വീകരിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഗുരുതരമാകില്ലായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.