അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി മുരളീധരന്‍; ‘നാക്കുപിഴയല്ല, പക്ഷേ, ആര്യയ്ക്ക് വേദനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’

തിരുവനന്തപുരം: ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എം.പി കെ മുരളീധരന്‍. വ്യക്തിപരമായ ആരോപണങ്ങളൊന്നും താന്‍ നടത്തിയിട്ടില്ല. പരാമര്‍ശം മേയര്‍ക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ഖേദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മേയര്‍ക്കെതിരായ രാഷ്ട്രീയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

അധിക്ഷേപ പരാമര്‍ശത്തില്‍ ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതിലായിരുന്നു മുരളീധരന്റെ പ്രതികരണം. ‘കേസുമായി മുന്നോട്ടുപോകുന്നതില്‍ എനിക്ക് യാതൊരു പ്രയാസവുമില്ല. പല പ്രഗത്ഭരും ഇരുന്ന കസേരയില്‍ ഇരിക്കുന്ന ഇപ്പോഴത്തെ മേയര്‍ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് ഞാന്‍ സൂചിപ്പിച്ചത്. വ്യക്തിപരമായ ആരോപണങ്ങളൊന്നും ഞാന്‍ നടത്തിയിട്ടില്ല. ഞാന്‍ പറഞ്ഞത് അവര്‍ക്ക് വ്യക്തിപരമായി പ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. ഞാന്‍ കാരണം ആര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മാനസിക പ്രയാസമുണ്ടാകരുതെന്നാണ് എന്റെ ആഗ്രഹം’, മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ പരാമര്‍ശം നാക്കുപിഴയല്ലെന്നും ഉദ്ദേശിച്ചുതന്നെ പറഞ്ഞതാണെന്നും മുരളീധര്‍ വ്യക്തമാക്കി. പക്ഷേ, അതുകൊണ്ട് അവര്‍ക്കൊരു പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ മടിയില്ല. താന്‍ പറഞ്ഞ രാഷ്ട്രീയ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മരളീധരന്‍ അദ്ദേഹത്തിന്റെ സംസ്‌കാരമേ കാണിക്കൂ എന്ന ആര്യയുടെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. എന്റെ സംസ്‌കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നായിരുന്നു മറുപടി. കെ മുരളീധരന്റെ പരാമര്‍ശത്തിനെതിരെ നിയമപരമായി മുന്നോട്ടുപോകാനാണ് മേയറുടെ തീരുമാനം. മുരളീധരന് അദ്ദേഹത്തിന്റെ സംസ്‌കാരമേ കാണിക്കാനാവൂ. സ്ത്രീകളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തെ നേരിടും. പരാതിയിലെ പൊലീസ് നടപടികള്‍ നിരീക്ഷിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആര്യ മാധ്യമങ്ങളോട് പറഞ്ഞു.

കാണാന്‍ നല്ല സൗന്ദ്യര്യമുണ്ടെങ്കിലും മേയറുടെ വായില്‍നിന്നു വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വാക്കുകളാണെന്ന മുരളീധരന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് ആധാരം. കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസ് സമരവേദിയിലായിരുന്നു എം.പിയുടെ പരാമര്‍ശം. ‘എം.പി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അത് കൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വ്വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ടുപാടിക്കരുത് എന്ന് മാത്രമാണ് അവരോട് പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്’, കെ മുരളീധരന്‍ പറഞ്ഞതിങ്ങനെ.

പരാമര്‍ശത്തില്‍ മുരളീധരനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കറുത്ത നിറമുള്ളവര്‍ സാധാരണ തെറി പറയുന്നവര്‍ എന്ന് കൂടിയാണ് മുരളീധരന്‍ പറഞ്ഞു വയ്ക്കുന്നതെന്നും മലിനമായ മനസുമായി നടക്കുന്നവരാണ് ഇന്നത്തെ കോണ്‍ഗ്രസ്് നേതൃത്വമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം കുറ്റപ്പെടുത്തി.