കോഴിക്കോട്: സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കൂട്ടുത്തരവാദിത്വമാണുള്ളതെന്ന് കെ മുരളീധരന് എംപി. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്ന സ്ഥിതിയുണ്ടായി. വീതംവെപ്പ് തുടര്‍ന്നപ്പോള്‍ പ്രവര്‍ത്തകര്‍ക്കടക്കം പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡി.സി.സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പ്രവീണ്‍ കുമാറിന്റെ ചുമതലയേറ്റെടുക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്.
‘ഗ്രൂപ്പ് രാഷ്ട്രീയത്തെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ആര്‍ക്കാണ് ഗ്രൂപ്പിനെ വിമര്‍ശിക്കാനുള്ള യോഗ്യതയെന്ന് ചോദിക്കാറുണ്ട്. പക്ഷേ, അന്നൊക്കെ കോണ്‍ഗ്രസിനെ വെല്ലാന്‍ തക്കമുള്ള രാഷ്ട്രീയ സാഹചര്യം ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിരുന്നില്ല. 1991-96 ഘട്ടത്തില്‍ ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. ബിജെപി എന്നൊരു ഭീഷണി കേരളത്തിലും ഇന്ത്യയിലുമുണ്ടായിരുന്നില്ല. എന്നാലിന്നത്തെ സ്ഥിതി അതല്ല. പ്രതിപക്ഷത്ത് ഞാനുള്‍പ്പെടെ 52 പേരാണുള്ളത്. ഞാന്‍ എംപിയായി ആദ്യം ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. അന്ന് പ്രതിപക്ഷത്തായിരുന്നെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. സാധാരണനിലയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹോളിലാണ് കൂടിയിരുന്നതെങ്കില്‍ ഇന്ന് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ മുറിയിലാണ് യോഗം ചേരാറുള്ളത്. ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ഹോളില്‍ ചേര്‍ന്നിരുന്ന യോഗം ഇന്ന് ചെറിയൊരു മുറയ്ക്കകത്ത് ചേരുന്നു. അത്രയേ അംഗങ്ങളുള്ളൂ. അത്തരം സാഹചര്യത്തിലാണ് നമ്മള് എത്തിയിരിക്കുന്നത്’, മുരളീധരന് പറഞ്ഞു.
കേരളത്തിലാണെങ്കില്‍ തുടര്‍ച്ചയായ രണ്ടാം വട്ടത്തെ പരാജയമാണ് സംഭവിച്ചിരിക്കുന്നത്. അത്തരമൊരു അനുഭവം നമുക്കുണ്ടായിരുന്നില്ല. തുടര്‍ച്ചയായി ജയിക്കുന്ന അനുഭവം മാത്രമായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ അധികാരത്തില്‍ തിരിച്ചുവരിക എന്നത് ഭരണഘടനാ ബാധ്യതയായിട്ടാണ് നമ്മളില്‍ ചിലര്‍ കണ്ടത്. അതിന് കൊടുക്കേണ്ടി വന്ന വിലയാണ് തുടര്‍ച്ചയായ പരാജയത്തിലേക്കെത്തിയത്. ബൂത്ത് തലത്തില്‍ ആളില്ലെന്നാണ് എല്ലാവരും പറയുന്നത്. അതെന്തുകൊണ്ടാണ് സംഭവിച്ചത്? വെറും വീതംവെപ്പിലേക്ക് കാര്യങ്ങള്‍ പോയതുകൊണ്ടാണ് അങ്ങനെയുണ്ടായത്. മുമ്പുണ്ടായിരുന്നതുപോലെയല്ല, എന്താണ് പാര്‍ട്ടിയെന്ന് അറിയാത്തവര്‍പ്പോലും സ്ഥാനങ്ങളിലേക്ക് വന്നു. ജംബോ കമ്മിറ്റികള്‍ വന്നപ്പോള്‍ ആര്‍ക്കും പരസ്പരം അറിയാത്ത അവസ്ഥയുണ്ടായി. അങ്ങനെയൊരു അവസ്ഥ വന്നപ്പോഴാണ് ജനം കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞത്. പരാജയത്തിന്റെ ഉത്തരാവദിത്വം ഏതെങ്കിലുമൊരു വ്യക്തിയില്‍ കെട്ടിവെച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: സെപ്തംബര്‍ 27ലെ ഭാരത് ബന്ദ് വന്‍വിജയമാക്കണം; പ്രതിപക്ഷ കക്ഷികളോട് കോണ്‍ഗ്രസ്
കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, നാദാപുരം മണ്ഡലങ്ങളില്‍ എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് ആലോചിക്കണമെന്നും മുരളീധരന് പറഞ്ഞു. ഘടകകക്ഷികള്‍ക്കും ഇതേ അവസ്ഥയുണ്ടായി. അങ്ങനെവന്നപ്പോള് പ്രവര്‍ത്തകര്‍ നിരാശരായി. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതില്‍ പാളിച്ചകളുണ്ടായി. വാര്‍ഡുകളിലടക്കം സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍പോലും കെട്ടിയിറക്കിയവരെ ജനം അംഗീകരിക്കാത്ത കാലഘട്ടമാണിത്. പിന്നെ പഞ്ചായത്തില്‍ ഇറക്കിയാല്‍ എങ്ങനെയിരിക്കും? കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി നാലാംസ്ഥാനത്തേക്ക് പോവുന്നതിനേക്കാള്‍ വലിയ അപമാനം വേറെയുണ്ടോ? അതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷമെന്നും മുരളീധരന് കുറ്റപ്പെടുത്തി.
താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ കുറവ് തന്നെയാണ് തോല്‍വിയുടെ പ്രധാന കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐഎമ്മിന്റെ പി.ആര് വര്‍ക്കിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സാമുദായിക സംഘടനകളെ അവരുടെ താല്പര്യങ്ങള്ക്കനുസരിച്ചാണ് സിപിഐഎം സമീപിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞെന്നും ഇനി ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Also Read: ‘ഉരുകാന്‍ മഞ്ഞുണ്ടായിരുന്നില്ലല്ലോ’; ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും കണ്ട് സതീശനും സുധാകരനും