തിരുവനന്തപുരം: ഡിസിസി പട്ടികയെച്ചൊല്ലിയുള്ള ഉള്‍പ്പോര് ശക്തമാകവെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി കെ മുരളീധരന് എം.പി. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. സ്ഥാനമാനങ്ങള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമാവും വീതംവെക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ച പേരുകളടങ്ങിയ ഡയറി കെ സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ചതിലും മുരളീധരന് വിശദീകരണം നല്കി. ‘ചര്‍ച്ച ചെയ്തില്ല എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ അല്ല എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഡയറി കാണിച്ചത്. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. ഞാനായിരുന്നെങ്കില്‍ ഡയറി പുറത്ത് കാണിക്കില്ല. സുധാകരന് കാണിച്ചു. അദ്ദേഹത്തിന്റെ ശൈലി അതാണ്. അദ്ദേഹം ചെയ്തതില്‍ തെറ്റില്ല. ചര്‍ച്ച നടത്തിയില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് മാനസിക പ്രയാസമുണ്ടായി. അപ്പോള്‍ ചര്‍ച്ച നടത്തിയതിന്റെ തെളിവ് കാണിച്ചു എന്ന് മാത്രമേയുള്ളു. അത് ആരെയും മോശമാക്കാനോ ആരെയും ചെറുതാക്കി കാണിക്കാനോ അല്ല. എല്ലാ ശൈലിയും കോണ്‍ഗ്രസിന് ആവശ്യമാണ്. പക്ഷേ, എന്തും വിളിച്ചുപറയുന്ന ശൈലി ഇനി കോണ്‍ഗ്രസിന് ബാധ്യതയായി തീരും. അതുകൊണ്ടാണ് ചില നടപടികള്‍ സ്വീകരിച്ചത്. പക്ഷേ, അതും അന്തിമമല്ല. അവര്‍ക്ക് ഇനിയും തെറ്റുതിരുത്തി തിരിച്ചുവരാം’, മുരളീധരന്റെ വാദമിങ്ങനെ.
ഗ്രൂപ്പുകളുടെ പേരിലുള്ള വീതംവെക്കല്‍ ഇനിയുണ്ടാവില്ലെന്നും മെറിറ്റ് നോക്കിയാവും സ്ഥാനങ്ങളിലേക്ക് ആളുകളെ നിശ്ചയിക്കുകയെന്നും മുരളീധരന് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നത് നേതൃത്വം പരിഗണിക്കും. പക്ഷേ, വീതംവെപ്പുണ്ടാവില്ല. കോണ്‍ഗ്രസ് മാത്രം പഴയ പാരമ്പര്യത്തില്‍ തുടര്‍ന്നാല്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരണം. പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാനും പാടില്ല എന്നത് പുതിയ തലമുറയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പട്ടികയില്‍ പരിഗണിക്കാത്തതില്‍ പാര്‍ട്ടിയില്‍ വിമത ശബ്ദമുയര്‍ത്തിയ എ.വി ഗോപിനാഥിനെ കെപിസിസി ഭാരവാഹി പട്ടികയില്‍ പരിഗണിക്കുമെന്നും മുരളീധരന് അറിയിച്ചു.
മുതിര്‍ന്ന നേതാക്കളോട് കൂടിയാലോചിക്കാതെയാണ് ഡി.സി.സി പട്ടിക പുറത്തുവിട്ടതെന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു വാര്‍ത്താ സമ്മേളനത്തിനിടെ കെ സുധാകരന് ഉമ്മന്‍ ചാണ്ടി നല്കിയ ലിസ്റ്റ് ഉള്‍പ്പെട്ട ഡയറി ഉയര്‍ത്തിക്കാണിച്ചത്. വിശാല ചര്‍ച്ചയ്ക്ക് ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പരോക്ഷമായി വിമര്‍ശിച്ചായിരുന്നു വാര്‍ത്താ സമ്മേളനം.