കോഴിക്കോട്: ഇടത് സഹയാത്രികന് ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് കെ മുരളീധരന് എം.പി. ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നത് പാര്‍ട്ടിക്ക് കരുത്ത് പകരുമെന്ന് അഭിപ്രായപ്പെട്ട മുരളീധരന് തന്റെ പിതാവ് കെ കരുണാകരുമായി ചെറിയാന് ഫിലിപ്പിനുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും വാചാലനായി. എന്നിരുന്നാലും തീരുമാനമെടുക്കേണ്ടത് ചെറിയാന് ഫിലിപ്പാണെന്ന നിലപാടാണ് മുരളീധരന് പങ്കുവെച്ചത്.
‘2011ല്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചെങ്കിലും വ്യക്തിബന്ധവും സ്നേഹബന്ധവും ഞങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്റെ പിതാവിന് അവസാനകാലത്ത് അദ്ദേഹമുയി വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. പലരും കൈവിട്ടപ്പോഴും ചെറിയാന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു’, മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം ചെറിയാന് ഫിലിപ്പ് നിലപാട് പ്രഖ്യാപിക്കട്ടെ. അദ്ദേഹം പാര്‍ട്ടിയിലേക്ക് വരുന്നത് തനിക്ക് സന്തോഷമാണ്. അത് കോണ്‍ഗ്രസിന് കരുത്തുപകരുമെന്നും മുരളീധരന് വ്യക്തമാക്കി.
സിപിഐഎമ്മുമായി പരസ്യമായി ഇടഞ്ഞ് നില്ക്കുന്ന പശ്ചാത്തലത്തില്‍ ചെറിയാനെ പാളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതൃത്വം ചെറിയാനുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞെന്നാണ് വിവരം. എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശന്, കെ സുധാകരന് തുടങ്ങിയ നേതാക്കള്‍ കഴിഞ്ഞ ഒരുമാസത്തിനിടെ ചെറിയാനുമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പിലെ ബുദ്ധികേന്ദ്രമായിരുന്ന ചെറിയാന് ഫിലിപ്പ് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം സീറ്റ് നല്‍കാത്തതിന് പിന്നാലെയായിരുന്നു ഉമ്മന്‍ ചാണ്ടിയോടും കോണ്‍ഗ്രസിനോടും പിണങ്ങിയിറങ്ങിയത്. തുടര്‍ന്ന് ആ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിമതനായി മത്സരിച്ച് പിണക്കത്തിന്റെ ആഴംകൂട്ടി. തുടര്‍ന്നിങ്ങോട്ടുള്ള ഇരുപത് വര്‍ഷം ഇടത് സഹയാത്രികനായിട്ടായിരുന്നു ചെറിയാന്റെ രാഷ്ട്രീയ ജീവിതം.