തരൂരിന് ജനങ്ങളുമായി ബന്ധമില്ലെന്ന് മുരളീധരന്‍; ‘മുഖ്യമന്ത്രി- പ്രധാനമന്ത്രി മോഹമില്ലാത്തതുകൊണ്ട് എനിക്ക് അസൂയയില്ല’

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ലെന്ന് കെ. മുരളീധരന്‍. താഴേത്തട്ടില്‍നിന്നും ഉയര്‍ന്നുവന്ന നേതാവാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. തരൂര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. എന്നിരുന്നാലും തന്റെ പിന്തുണ ഖാര്‍ഗെക്കാണെന്നും മുരളീധരന്‍ പറഞ്ഞു.

‘സാധാരണ ജനങ്ങളുടെ മനസറിയുന്ന ഒരാള്‍ അധ്യക്ഷനാകണമെന്നാണ് എന്നെപ്പോലുള്ള ആളുകളുടെ ആഗ്രഹം. താഴേത്തട്ടുമുതല്‍, സ്വന്തം അധ്വാനം കൊണ്ട് ഉയര്‍ന്നുവന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് അധ്യക്ശപദവിയിലേക്ക് നല്ലത് എന്നതാണ് അഭിപ്രായം. എന്നുകരുതി ഞങ്ങളാരും ശശി തരൂരിന് എതിരല്ല. പക്ഷേ, അദ്ദേഹത്തിന് സാധാറണ ജനങ്ങളുമായി ബന്ധം കുറവാണ്. അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല. കാരണം, അദ്ദേഹം വളര്‍ന്നുവന്ന സാഹചര്യം അതാണ്’, മുരളീധരന്‍ പറയുന്നതിങ്ങനെ.

തരൂരിനും പാര്‍ട്ടി ഘടനയില്‍ ഒരു സ്ഥാനമുണ്ട്. പക്ഷേ, തങ്ങളെപ്പോലുള്ളവരുടെ വോട്ട് ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയെന്ന നിലയില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കാണ്. താന്‍ എ.ഐ.സി.സി അധ്യക്ഷനാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തരൂരിനോട് അസൂയയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്തിയോ വിമത സ്ഥാനാര്‍ത്ഥിയോ ഇല്ല. അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുന്നത് ജനാധിപത്യപരമാണ്. പ്രചാരണം നടത്തുന്നവര്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെക്കണമെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയെ നയിക്കുന്നതില്‍ ഖാര്‍ഗെയുടെ പ്രായക്കൂടുതല്‍ പ്രശ്‌നമല്ലെന്നും മുരളീധരന്‍. മനസ് എത്തുന്നിടത്ത് ശരീരം എത്തിയാല്‍ പ്രായം ഒരു ഘടകമകല്ല. രാജസ്ഥാിലെ പൊട്ടിത്തെറി ഒഴിവാക്കിയത് ഖാര്‍ഗെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തരൂരിന്റെ പ്രചാരണം ഇന്നും കേരളത്തില്‍ തുടരുകയാണ്. തരൂരിന്റെ പ്രചാരണങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാക്കള്‍ ആരും സംസ്ഥാനത്തില്ല എന്നതും ശ്രദ്ധേയമാണ്. സ്വതന്ത്രമായ മത്സരമാണ് നടക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ തനിക്കെതിരെ നിലപാടെടുക്കുന്നതില്‍ ശശി തരൂരിന് അതൃപ്തിയുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കും താഴേത്തട്ടിലുള്ള നേതാക്കള്‍ക്കും ഒരേ വോട്ട് മുല്യമാണ് ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.