രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ രാധാകൃഷ്ണന് ദേവസ്വം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ ദേവസ്വം വകുപ്പ് മന്ത്രിസ്ഥാനം ചേലക്കരയില്‍നിന്നും നിയമസഭയിലെത്തിയ കെ രാധാകൃഷ്ണന്. ദേവസ്വത്തിനൊപ്പം പാര്‍ലമെന്ററി കാര്യം, പിന്നാക്ക ക്ഷേമം എന്നീ വകുപ്പുകളും കെ രാധാകൃഷ്ണനാണ്. കടകംപള്ളി സുരേന്ദ്രനായിരുന്നു കഴിഞ്ഞ സര്‍ക്കാരില്‍ ദേവസ്വം വകുപ്പിന്റെ ചുമതല.

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന ചേലക്കരയില്‍ നിന്ന് 1996ലാണ് ആദ്യമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിക്കുന്നത്. നായനാര്‍ മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമ മന്ത്രിയായി. 2001 മുതല്‍ മൂന്ന് ടേമില്‍ തുടര്‍ച്ചായയി ചേലക്കരയില്‍നിന്നും നിയമസഭയിലെത്തി. 2001ല്‍ ചീഫ് വിപ്പും 2006ല്‍ സ്പീക്കറുമായിരുന്നു. 2016ല്‍ മത്സരത്തില്‍നിന്ന് വിട്ടുനിന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

നിലവില്‍ സിപിഐഎം കേന്ദ്രകമ്മറ്റി അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ചിന്റെ അഖിലേന്ത്യാ അധ്യക്ഷനുമാണ് ഇദ്ദേഹം. വന്‍ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ചേലക്കരയില്‍നിന്നും ജയിച്ചുകയറിയത്.