സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് മകന്‍, നിറകണ്ണുകളോടെ അമ്മ; ചിന്നയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തിരുവന്തപുരം: രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയിലേക്കുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയായി. ചടങ്ങിനിടെയുണ്ടായ ഒരു വൈകാരിക നിമിഷത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. മന്ത്രിയായി മകന്‍ കെ രാധാകൃഷ്ണന്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് ടിവി സ്‌ക്രീനില്‍ കണ്ട അമ്മ ചിന്നയുടെ കണ്ണുനിറഞ്ഞുള്ള ചിത്രമാണത്.

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു അക്ഷരമാലാ ക്രമത്തില്‍ മന്ത്രിമാരും സത്യവാചകം ഏറ്റുചൊല്ലിയത്. കെ രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചൊല്ലവെയായിരുന്നു ചിന്നയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞത്. ചാനല്‍ കാമറകള്‍ ഈ രംഗം ഒപ്പിയെടുക്കുകയും ചെയ്തു. നിരവധിപ്പേരാണ് ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ദേവസ്വം, ന്യൂനപക്ഷ ക്ഷേമം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് ചേലക്കരയില്‍നിന്നും വന്‍ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തിയ രാധാകൃഷ്ണനെ കാത്തിരിക്കുന്നതെന്നാണ് വിവരം. പിന്നോക്ക വിഭാഗത്തില്‍നിന്നുള്ള രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നല്‍കിയേക്കുമെന്ന വിവരത്തെ വലിയ കയ്യടിയോടെയാണ് ആളുകള്‍ സ്വീകരിക്കുന്നത്. കടകംപള്ളി സുരേന്ദ്രനായിരുന്നു കഴിഞ്ഞ സര്‍ക്കാരില്‍ ദേവസ്വം വകുപ്പിന്റെ ചുമതല.

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന ചേലക്കരയില്‍ നിന്ന് 1996ലാണ് ആദ്യമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിക്കുന്നത്. നായനാര്‍ മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമ മന്ത്രിയായി. 2001 മുതല്‍ മൂന്ന് ടേമില്‍ തുടര്‍ച്ചായയി ചേലക്കരയില്‍നിന്നും നിയമസഭയിലെത്തി. 2001ല്‍ ചീഫ് വിപ്പും 2006ല്‍ സ്പീക്കറുമായിരുന്നു. 2016ല്‍ മത്സരത്തില്‍നിന്ന് വിട്ടുനിന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

നിലവില്‍ സിപിഐഎം കേന്ദ്രകമ്മറ്റി അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ചിന്റെ അഖിലേന്ത്യാ അധ്യക്ഷനുമാണ് ഇദ്ദേഹം.