കെ റെയിൽ ഓർമിപ്പിക്കുന്ന മൂലമ്പിള്ളി; വർഷം പതിനാലായിട്ടും പുനരധിവാസമില്ല

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ വിവാദങ്ങൾക്കിടെ മൂലമ്പിള്ളി കുടിയൊഴിപ്പിക്കലും ചർച്ചയാകുന്നു. കൊച്ചി വല്ലാർപ്പാടം പദ്ധതിക്കായി 2008ൽ മൂലമ്പിള്ളിയിൽ നിന്നും 316 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. എന്നാൽ ഇതിൽ 52പേർക്ക് മാത്രമാണ് പതിനാല് വർഷമായിട്ടും പുനരധിവാസം സാധ്യമായിട്ടുള്ളു. ബന്ധുവീടുകളിലും, വാടകയ്ക്കും താത്കാലിക സ്ഥലങ്ങളിലും കഴിയുകയാണ് ഈ കുടുംബങ്ങളിൽ പലരും.

സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പിലാക്കാൻ കാത്തിരിക്കുകയാണ് മൂലമ്പിള്ളി നിവാസികൾ. തുതിയൂരിലെ ചതുപ്പുനിലമായ പുനരധിവാസ ഭൂമി വാസയോഗ്യമാക്കുക, കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം പാലിക്കുക, വീട് ലഭിക്കാതെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്ന ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ല. വീട് വെച്ച് നല്‍കുന്നതുവരെ വാടക നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും പാലിക്കപ്പെട്ടില്ല എന്നും നിവാസികൾ ചൂണ്ടിക്കാട്ടുന്നു.

“വീടും സ്ഥലവുമൊക്കെ പോയ ശേഷം ഒരു കുഴിയാണ് നാല് സെന്റ് കിട്ടിയത്. വാടക കിട്ടും എന്നൊക്കെ പറഞ്ഞിരുന്നെകിലും ഒരു പൈസ പോലും കിട്ടിയിട്ടില്ല. വിധവാ പെൻഷൻ ലഭിക്കുന്നതുകൊണ്ട് ജീവിതം മുന്നോട്ടുപോകുന്നു,” എന്ന് ഏലൂർ സ്വദേശിയായ ശശികല പറയുന്നു.

മൂലമ്പിള്ളി പുനരധിവാസം നടപ്പാക്കിയിട്ട് മതി കെ റെയിലിന് ഭൂമിയേറ്റെടുക്കുന്നത് എന്നാണ് കോൺഗ്രസ് നിലപാട്. 13 വർഷം മുൻപ് 316 കുടുംബങ്ങളെ വഴിയാധാരമാക്കിയവർ വീണ്ടും മറ്റൊരു പദ്ധതിയുമായി പാവപ്പെട്ട ജനങ്ങളെ കുടിയിറക്കാൻ വന്നാൽ അതനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറയുന്നു.

മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ സമയത്ത് വീടുകൾ പൊളിക്കുന്നു.

“കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളിൽ 56 പേർക്ക് മാത്രമാണ് പുനരധിവാസം സാധ്യമായത്. ആനുകൂല്യം കിട്ടാതെ 32 പേർ മരിച്ചു. കടമക്കുടി പഞ്ചായത്തിൽ നൽകിയ സൈറ്റിൽ സി.ആർ .സെഡിന്റെ പേര് പറഞ്ഞ് വീട് പണിയാൻ അനുമതി നൽകിയിട്ടില്ല. കാക്കനാട് തുതിയൂരിൽ 116 കുടുംബങ്ങൾക്ക് അഞ്ച് ഏക്കറോളം ഭൂമി കൈമാറിയെങ്കിലും ഇത് വാസയോഗ്യമല്ലെന്ന് മാത്രമല്ല ഇവിടെ ആർക്കൊക്കെ എവിടെയൊക്കെയാണ് ഭൂമി അനുവദിച്ചിരിക്കുന്നതെന്ന് പോലും അറിയില്ല. കുടിവെള്ളവും വൈദ്യുതിയും ലഭ്യമാക്കിയിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഒരാൾക്ക് വീതമെങ്കിലും പദ്ധതിയിൽ തൊഴിൽ നൽകുമെന്ന് പറഞ്ഞതും നടപ്പാക്കിയിട്ടില്ല,” എന്ന് മുഹമ്മദ് ഷിയാസ് ന്യൂസ്റപ്റ്റിനോട് പറഞ്ഞു.

കെ – റെയിലിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സ്ഥിതിയും ഇത് തന്നെയായിരിക്കും എന്നാണ് ഷിയാസ് വാദിക്കുന്നത്.

“316 കുടുംബങ്ങൾക്ക് വീടൊരുക്കാൻ കഴിയാത്ത സർക്കാരാണോ 20000 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് പറയുന്നത്. കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രതിസന്ധിയും സാമൂഹിക കലാപവുമായി കെ റെയിൽ മാറും,” ജില്ലാ കോൺഗ്രസ് അധ്യക്ഷന്റെ വാക്കുകൾ ഇങ്ങനെ.

2008 ഫെബ്രുവരി ആറിനാണ് മൂലമ്പിള്ളി, മഞ്ഞുമ്മല്‍, ചേരാനെല്ലൂര്‍, കോതാട്, ഇടപ്പള്ളി നോര്‍ത്ത്, പോണേക്കര, കടുങ്ങല്ലൂര്‍ ഈസ്റ്റ്, ഏലൂര്‍ എന്നീ വില്ലേജുകളിൽ കുടിയൊഴിപ്പിക്കൽ നടന്നത്. ഇടപ്പള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ട 56 കുടുംബങ്ങള്‍ക്ക് കാക്കനാട് തുതിയൂര്‍ മുട്ടുങ്കല്‍ റോഡിലും മൂലമ്പിള്ളിയിലെ 103 കുടുംബങ്ങള്‍ക്ക് തുതിയൂര്‍ ഇന്ദിരാനഗറിലുമാണ് പുനരധിവാസത്തിന് സ്ഥലം അനുവദിച്ചത്. ചതുപ്പുനിലമായതിനാല്‍ ഇവിടെ വാസയോഗ്യമല്ല. തുതിയൂര്‍ മുട്ടുങ്കലില്‍ വെച്ച വീടുകൾ ചരിഞ്ഞുപോയിരുന്നു. ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കി നല്‍കാന്‍ സർക്കാർ തയാറായിട്ടില്ല എന്നാണ് കുടിയിറക്കപ്പെട്ടവർ പറയുന്നത്.