ഭൂമിയേറ്റെടുക്കുന്നതിൽ അടിമുടി നിയമലംഘനം; കെ റെയിൽ കേന്ദ്രനിയമം കാറ്റിൽപറത്തുന്നത് ഇങ്ങനെ

പാർലമെന്റ് പാസാക്കിയ ഭൂമിയേറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ കാറ്റിൽപറത്തിയാണ് കെ റെയിൽ ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചതെന്ന് വിദഗ്ധർ. വികസന പ്രവർത്തനങ്ങൾക്ക് ഭൂമിയേറ്റെടുക്കുമ്പോൾ നിയമപരമായി എന്തൊക്കെ പാലിക്കണമെന്ന് 2013ൽ പാസാക്കിയ ഭൂമിയേറ്റെടുക്കൽ, നഷ്ടപരിഹാര, പുനരധിവാസ നിയമം പറയുന്നുണ്ട്. ഇതിന് വിലനൽകാതെയാണ് സംസ്ഥാന സർക്കാർ നീങ്ങുന്നത് എന്നാണ് പ്രതിപക്ഷ ആക്ഷേപം.

കേന്ദ്ര നിയമത്തിലെ നിർദ്ദേശങ്ങൾ ഇങ്ങനെ:

ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളുമായി വിഷയത്തിൽ ചർച്ച നടത്തുകയും ഗ്രാമസഭകൾ വിളിച്ചുച്ചേക്കുകയും വേണം. ഏറ്റെടുക്കേണ്ട ഭൂമി സർവേ നടത്തി ഗ്രാമസഭയിൽ അവതരിപ്പിക്കണം. ഇതിന് ശേഷം മാത്രമേ വിഞ്ജാപനം പുറപ്പെടുവിക്കാൻ പാടുള്ളൂ. മേൽപറഞ്ഞ പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം മാത്രമാണ് കല്ലിടൽ ആരംഭിക്കേണ്ടത്.

പദ്ധതി ബാധിക്കുന്ന കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്നതാണ് ഈ നിർദേശത്തിന്റെ താത്പര്യം. ഇത് കെ റെയിൽ പിന്തുടർന്നിട്ടില്ല എന്നാണ് പ്രധാന ആരോപണം.

ഭൂമിയേറ്റെടുക്കൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായും ഗ്രാമസഭകളുമായും ചർച്ചകൾ നടത്തണം. പദ്ധതി ബാധിക്കുന്ന ആളുകൾ, അതിന്റെ സാമൂഹിക വശങ്ങൾ, പദ്ധതിയുടെ പൊതു ഉദ്ദേശ പഠനം തുടങ്ങിയവയാണ് സാമൂഹിക ആഘാത പഠനത്തിൽ ഉൾപ്പെടുത്തേണ്ടത്. ഈ റിപ്പോർട്ട് വിദഗ്ദ്ധ സമിതിക്ക് മുന്നിൽ വിശകലനത്തിനായി സമർപ്പിക്കണം.

കെ റെയിലിൽ സാമൂഹിക ആഘാത പഠനം ആരംഭിക്കാൻ വിജ്ഞാപനമായിട്ടേയുളളൂ. എന്നാൽ ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. ഇത് നിയമലംഘനമാണ്.

കുടിയിറക്കപ്പെടുന്നവർക്ക് ഭൂമേറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ നഷ്ടപരിഹാരം പൂർണമായും നൽകണം എന്നാണ് നിയമം. ഗ്രാമപ്രദേശങ്ങളിൽ മാർക്കറ്റ് വിലയുടെ നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടിയും നൽകണം എന്നാണ് വ്യവസ്ഥ.

പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരുടെ ഭൂമി ഏറ്റെടുക്കണമെങ്കിൽ ഭ്രമസഭയുടെയും ജില്ലാ കൗൺസിലിന്റെയും മുൻ‌കൂർ അനുമതി വേണം എന്നും നിയമം പറയുന്നു. അഞ്ചുവർഷം ഭൂമി ഉപയോഗശൂന്യമായിക്കിടന്നാൽ ഭൂമി തിരികെ നൽകണമെന്നും പറയുന്നു.

ALSO READ: കെ റെയിൽ: പദ്ധതിയെന്ത്? ആശങ്കകൾ എന്തെല്ലാം?

നെൽവയൽ നീര്‍ത്തട നിയമം, ഭൂസംരക്ഷണ നിയമം, സി.ആര്‍.സെഡ് നിയമം, മുതല്‍ ദുരന്തനിവാരണ നിയമം വരെ അവഗണിക്കപ്പെട്ടു എന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.