കെ റെയിൽ സിൽവർലൈൻ പദ്ധതിക്ക് വേണ്ടിയിട്ട സർവ്വേക്കല്ലുകൾ പിഴുതുമാറ്റിക്കൊണ്ടുള്ള പ്രതിഷേധം തുടരുന്നു. അങ്കമാലിയിലാണ് വെള്ളിയാഴ്ച്ച രാവിലെ പ്രതിഷേധക്കാർ കല്ലുകൾ പിഴുതുമാറ്റിയത്. പ്രതിഷേധം കണക്കിലെടുക്കാതെ പൊലീസ് സഹായത്തോടെ വ്യാഴാഴ്ച ഇവിടെ സ്ഥാപിച്ച മുഴുവൻ കല്ലുകളും സമരക്കാർ പിഴുതുമാറ്റി. പതിനെട്ട് കല്ലുകളായിരുന്നു അങ്കമാലി ഭരണിപ്പാടത്ത് സ്ഥാപിച്ചിരുന്നത്. വാഴാഴ്ച്ച രാത്രി തന്നെ ഒൻപത് കല്ലുകൾ പിഴുതുമാറ്റി കൂട്ടിയിട്ട് റീത്ത് വെച്ചിരുന്നു.
അങ്കമാലി, എളവൂര്‍, പാറക്കടവിലൂടെയാണ് കെ റെയിൽ കടന്നുപോകുന്നത്. അതില്‍ ത്രിവേണി കവലയിലെ പാടശേഖരത്തിൽ ഇന്നലെ ഉദ്യോഗസ്ഥരെത്തി സര്‍വേ കല്ലുകള്‍ സ്ഥാപിച്ചപ്പോൾ വലിയ പ്രതിഷേധം കെ-റെയില്‍ വിരുദ്ധ സമര സമിതി നേതൃത്വത്തില്‍ ഉയര്‍ന്നിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോയത്.
കല്ലുകൾ സ്ഥാപിക്കാൻ വെള്ളിയാഴ്ച ഉദ്യോഗസ്ഥർ എത്തിയാൽ എതിർക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.
നേരത്തെ കണ്ണൂർ മാടായിപ്പാറയിലും കെ റെയിൽ എന്നെഴുതിയ സർവ്വേക്കല്ലുകൾ പിഴുതുമാറ്റി റീത്തുവെച്ചിരിന്നു. സമാന സമര രീതികൾ കേരളത്തിൽ വ്യാപകമായി കൈക്കൊള്ളുമെന്ന് കോൺഗ്രസും സമരസമിതികളും പറയുന്നുണ്ട്.
കെ റെയിൽ കല്ലുകൾ സ്വകാര്യ വ്യക്തികളുടെ ഭൂമികളിൽ നാട്ടുന്നത് ഹൈക്കോടതി കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. തൂണുകൾ ഇട്ടത് നിയമവിരുദ്ധമാണെന്നും അവ എടുത്തുമാറ്റാൻ എന്ത് നടപടി സ്വീകരിക്കുമെന്നും കേരള റെയിൽ ഡെവലപ്മെൻറ് കോർപ്പറേഷൻ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
കോടതി പരാമർശത്തോടെ ആളുകൾ അതിരടയാളക്കല്ലുകൾ പിഴുതെറിയുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ അതിന് കോടതിയെ പഴിചാരിയിട്ട് കാര്യമില്ലെന്നും വേണ്ട നിയമനടപടികൾ സംസ്ഥാന സർക്കാരിന് കൈക്കൊള്ളാം എന്നുമാണ് നിരീക്ഷിച്ചത്.