തിരുവനന്തപുരം: കെ റെയില്‍ സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് എല്ലാത്തരത്തിലും ദുരന്തമാകുമെന്ന് പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. കെ റെയില്‍ സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും കേരളത്തെ ദുരന്തത്തിലേക്ക് തള്ളി വിടുമെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിക്കിടെയാണ് അഭിഭാഷകന്റെ പ്രതികരണം.
നിലവിലുള്ള റെയില്‍ പാത വികസിപ്പിച്ച് 100-150 കിലോമീറ്റര്‍ പോകാവുന്ന തീവണ്ടികള്‍ കൊണ്ടുവരാവുന്നതേയുള്ളൂ. അത് പരിസ്ഥിതി ആഘാതവും സാമ്പത്തിക ആഘാതവും കുറയ്ക്കും.
പ്രശാന്ത് ഭൂഷണ്
സില്‍വര്‍ലൈനിന് വേണ്ടി പ്രത്യേക പാത നിര്‍മ്മിക്കണം. മലകള്‍ക്കും പുഴകള്‍ക്കും വയലുകള്‍ക്കും നാശമുണ്ടാകും. പ്രകൃതി ദുരന്തങ്ങളുണ്ടായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ അത് വര്‍ധിപ്പിക്കാന്‍ മാത്രമേ ഇത്തരം പദ്ധതികള്‍ ഗുണം ചെയ്യൂ. വന്‍ പദ്ധതികളെല്ലാം കേരളത്തിന്റെ പരിസ്ഥിതിയെ തകര്ക്കുന്നതാണെന്നതിന്റെ ഉദാഹരണമാണ് വിഴിഞ്ഞം. തുറമുഖം തീരദേശത്തിന്റെ പരിസ്ഥിതി കവചം തകര്‍ത്തെന്നും പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി.
സില്‍വര്‍ ലൈന്‍ പ്രൊജക്ടിന് ഒരു ലക്ഷം കോടി രൂപയാണ് ചെലവുകണക്കാക്കുന്നത്. ജപ്പാനില്‍ നിന്ന് പലിശയില്ലാത്ത വായ്പ കിട്ടുമെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷെ, പണപ്പെരുപ്പത്തിന് അനുസരിച്ച് അഞ്ചു ശതമാനമെങ്കിലും ഓരോ വര്‍ഷം കേരളം അധികം നല്‍കേണ്ടി വരും. പ്രതിവര്‍ഷ തിരിച്ചടവ് പലിശ മാത്രം 5,000 കോടി വേണ്ടി വരും. വലിയ സാമ്പത്തികാഘാതം ഇതുമൂലമുണ്ടാകുമെന്നത് കാണാതിരിക്കാനാകില്ല. 200 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന റെയില്‍വേ ലൈനിനാണ് ഇത്രയ്ക്ക് പണം ചെലവഴിക്കേണ്ടി വരുന്നത്. തിരിച്ചടവിനുള്ള പണം കണ്ടെത്താന്‍ ടിക്കറ്റ് ചാര്‍ജ് വലിയതോതില്‍ ഉയര്‍ത്തേണ്ടി വരും. എത്രയാളുകള്‍ ഈ ഉയര്‍ന്ന തുകയുടെ ടിക്കറ്റെടുത്ത് യാത്ര ചെയ്യുമെന്നും പ്രശാന്ത് ഭൂഷണ് ചോദിച്ചു.
Also Read: കെ റെയില്‍ പദ്ധതി: വിത്തെടുത്ത് കുത്തി വാങ്ങുന്ന പാരിസ്ഥിതിക ദുരന്തം