കെപിസിസി പ്രസിഡണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ സുധാകരന്‍; ‘എഐസിസി പരിഗണിക്കുന്നത് അണികളുടെ ആവശ്യപ്രകാരം’

കണ്ണൂര്‍: കെപിസിസി പ്രസിഡണ്ടാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എഐസിസി തന്നെ പരിഗണിക്കുന്നത് അണികളുടെ ആവശ്യപ്രകാരമാണ്. തന്നെ എതിര്‍ക്കുന്ന നേതാക്കള്‍ അണികളോട് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കെ സുധാകരന്റെ പ്രതികരണം.

ഒന്നാം തിയ്യതിക്ക് മുമ്പ് പ്രസിഡണ്ട് കാര്യത്തില്‍ തീരുമാനമുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന്റെ രക്തത്തിന് വേണ്ടി ആഗ്രഹിച്ചിട്ടില്ല. 80:20 വിഷയത്തില്‍ പോലും പാര്‍ട്ടിക്ക് അഭിപ്രായം പറയാന്‍ കഴിയുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ സുധാകരന്റെ ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നത്. എന്നാല്‍ പിന്നീട് കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങള്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേര് മുന്നോട്ട് വെച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ വേണ്ടാ എന്ന നിലപാട് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുമന്നു. അശോക് ചവാന്‍ സമിതിക്ക് മുന്നിലും കേരളത്തില്‍നിന്നുള്ള ഗ്രൂപ്പുകള്‍ ഇക്കാര്യം വ്യക്തമാക്കിയെന്നാണ് വിവരം.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് ചദളിത് വിഭാഗത്തില്‍നിന്നൊരാളെ എത്തിക്കുന്നത് ഒരു മികച്ച സന്ദേശത്തിനുള്ള തുടക്കമാവും എന്നാണ് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചിരിക്കുന്ന വാദങ്ങളിലൊന്ന്. കേരളത്തില്‍ ഇതുവരെ ദളിത് വിഭാഗത്തില്‍നിന്നുള്ള ഒരാളെ അധ്യക്ഷ സ്ഥാനത്തെത്തിച്ചിട്ടില്ല.

കെ സുധാകരന്‍ കെപിസിസി തലപ്പത്തേക്ക് വരുന്നതില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കടുത്ത എതിര്‍പ്പുണ്ടെന്നാണ് വിവരം. ഈ എതിര്‍പ്പിന്റെ കൂടി പശ്ചാത്തലത്തില്‍ക്കൂടിയാണ് ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി കൊടിക്കുന്നിലിനുവേണ്ടി നേതൃത്വത്തിന്റെ മുന്നിലെത്തിയിരിക്കുന്നത്. ഐ ഗ്രൂപ്പില്‍ ഒരു പ്രബല വിഭാഗം സുധാകരന് എതിരാണ്. അവരുടെയും ചെന്നിത്തലയുടെയും പിന്തുണ കൊടിക്കുന്നില്‍ സുരേഷിനുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും ഇതോടൊപ്പമുണ്ടെന്നാണ് വിവരം.