പ്രത്യയശാസ്ത്ര ബാധ്യതയില്ലാത്ത ആള്‍ക്കൂട്ടമാണ് സിപിഐഎമ്മെന്ന് തുറന്ന് കാട്ടിയ സ്ത്രീയാണ് കെകെ രമയെന്ന് കെ സുധാകരന്‍; ‘അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് ആ ആള്‍ക്കൂട്ടം അവരെ നേരിട്ടത്’

തിരുവനന്തപുരം: പ്രത്യയശാസ്ത്ര ബാധ്യതയില്ലാത്ത ആള്‍ക്കൂട്ടമാണ് സിപിഐഎമ്മെന്ന് തുറന്ന് കാട്ടിയ വനിതയാണ് ആര്‍എംപി നേതാവ് കെകെ രമയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഐഎം എന്ന ഹിംസാത്മകമായ ആള്‍ക്കൂട്ടം രമയെ നേരിട്ടത്. കെകെ രമക്ക് യുഡിഎഫ് നല്‍കിയത് നിരുപാധിക പിന്തുണയാണെന്നും സുധാകരന്‍ പറഞ്ഞു. കെകെ രമയുടെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം.

‘തിരുവനന്തപുരത്ത് വടകര എംഎല്‍എ സഖാവ് കെകെ രമയും മകന്‍ അഭിനന്ദും സന്ദര്‍ശിച്ചു. തിരക്കുകള്‍ക്കൊടുവില്‍ രാത്രി വൈകിയും പല സമകാലിക വിഷയങ്ങളില്‍ ചര്‍ച്ച നീണ്ടു പോയി. രാഷ്ട്രീയത്തെ കുറിച്ച് വളരെയധികം ഉള്‍ക്കാഴ്ചയുള്ള വ്യക്തിത്വം ആണ് കെകെ രമ. അവരുടെ രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത് തീഷ്ണമായ അനുഭവ പരിസരങ്ങളില്‍ ആണ്. സിപിഐഎം ഇടക്കിടെ പറയുന്നൊരു ഇടതു ബദല്‍ ഉണ്ട്. എന്റെ കാഴ്ചപ്പാടില്‍ ആര്‍എംപിയും സഖാവ് കെകെ രമയും ഒക്കെയാണ് യഥാര്‍ത്ഥത്തില്‍ ആ ഇടതു ബദല്‍’, സുധാകരന്‍ പറഞ്ഞു.

യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആള്‍ക്കൂട്ടമാണ് സിപിഐഎം എന്ന് കേരളത്തിന് മുന്നില്‍ തുറന്ന് കാട്ടിയ വനിതയാണ് രമ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഐഎം എന്ന ഹിംസാത്മകമായ ആള്‍ക്കൂട്ടം രമയെ നേരിട്ടത്. ഞാനൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് കണ്ണൂരൊക്കെ വിയോജിപ്പ് ഉള്ളവരെ ഒന്നുകില്‍ കൊല അല്ലെങ്കില്‍ ഊരുവിലക്കല്‍ ആയിരുന്നു സിപിഐഎം രീതി. ഇന്നും അതിന്റെ വൈവിധ്യങ്ങല്‍ തന്നെയാണ് അവര്‍ തുടര്‍ന്ന് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ നിയമിച്ചതും ഗ്രൂപ്പ് നോക്കാതെ; എ, ഐ ഗ്രൂപ്പുകളില്‍ രോഷം തിളച്ചുമറിയുന്നു

ആ അക്രമങ്ങളെ അനുദിനം പ്രതിരോധിച്ചും, ആവശ്യ സാഹചര്യങ്ങളില്‍ തിരിച്ചടിച്ചുമാണ് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത്. വരും നാളുകളില്‍ എല്ലാ പാര്‍ട്ടിഗ്രാമങ്ങളും ജനാധിപത്യത്തിലേക്ക് വിമോചിപ്പിക്കുക തന്നെ ചെയ്യും. കെകെ രമക്ക് യുഡിഎഫ് നല്‍കിയത് നിരുപാധിക പിന്തുണയാണ്. ഇനിയും സംഘപരിവാറിന്റേയും സിപിഐഎമ്മിന്റെയും അക്രമ രാഷ്ട്രീയത്തിന്റെ ഇരകള്‍ക്കൊപ്പം നിരുപാധികമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തിരുത്തലും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് കെകെ രമ ഉറപ്പ് തന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.