‘പിണറായിയുടെ നെറികേടിന്റെ ഒരുപാട് ഇരകള്‍ വടക്കന്‍ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട്’; ബ്രണ്ണന്‍ പോര് അവസാനിപ്പിക്കാതെ കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പോരവസാനിപ്പിക്കാതെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി പിണറായി നടത്തിയ നെറികേടിന്റെ ഒരുപാട് ഇരകള്‍ ഇന്നും വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് വിവരിച്ചാണ് സുധാകരന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം ഓഫീസിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍പോലും അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി
തന്റെ അനുവാദമില്ലാതെ അച്ചടിച്ചുവന്ന വിഷയത്തില്‍ ഇത്രയേറെ വൈകാരികനായി പ്രതികരിക്കുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിക്കുന്നു.

പിണറായി വിജയന് മാഫിയ ബന്ധമുണ്ടെന്ന് ജസ്റ്റിസ് കെ സുകുമാരന്‍ ആരോപിച്ചതും അതിനെതിരെ പിണറായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചതും അതിന് ജസ്റ്റിസ് നല്‍കിയ മറുപടിയും ഓര്‍ത്തെടുത്താണ് സുധാകരന്റെ പ്രതികരണം. ‘പിണറായിയുടെ മാഫിയ ബന്ധം: നിലപാടില്‍ മാറ്റമില്ലെന്ന് ജസ്റ്റിസ് സുകുമാരന്‍’, എന്ന തലക്കെട്ടോടെ 2007 ഓഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയും സുധാകരന്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ജസ്റ്റിസ് ഉറപ്പിച്ചുപറഞ്ഞതോടെ പിണറായി പിന്മാറിയെന്നും സുധാകരന്‍ പറയുന്നു. ഒരു രാഷ്ട്രീയനേതാവ് തനിക്കെതിരെയുണ്ടായ ഗുരുതര ആരോപണത്തിനെതിരെ നിയമപോരാട്ടം തുടങ്ങി വെക്കുകയും തുടര്‍ന്ന് അതില്‍ നിന്നും സ്വയം പിന്‍വാങ്ങുകയും ചെയ്താല്‍ കുറ്റസമ്മതം നടത്തുന്നു എന്നല്ലേ അതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം ചോദിച്ചു.

‘സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇയാള്‍ നടത്തിയ നെറികേടിന്റെ ഒരുപാട് ഇരകള്‍ ഇന്നും വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ ജീവിച്ചിരിപ്പുണ്ട്. ഞങ്ങളുടെ നാട്ടുഭാഷയില്‍ അതിന് ‘ഒറ്റപ്പൂതി’ എന്ന് പറയും. അതിന്റെ ഇരകള്‍ നിശബ്ദരായി ആ പാര്‍ട്ടിയില്‍ തന്നെയുണ്ട്. വിഎസ് മുതല്‍ എംഎ ബേബി, ശൈലജ ടീച്ചര്‍ തുടങ്ങിയ നേതാക്കളിലേക്ക് വരെ ആ പട്ടിക നീളുകയാണ്. അവര്‍ക്കൊന്നും മറുത്ത് പറയാന്‍ ആകില്ല. അങ്ങനെ മറുത്ത് പറയാന്‍ നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റ് കാരന്‍ വടക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് കേട്ടല്‍ ഇന്നും പിണറായി വിജയന് വിറളി പിടിക്കും-ടിപി ചന്ദ്രശേഖരന്‍’, സുധാകരന്‍ കുറിച്ചു.

Also Read: ‘കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുണ്ടെങ്കിലെന്ത് കൊണ്ട് പൊലീസിനോട് പറഞ്ഞില്ല’, പിണറായിയുടെ നിലവാരത്തിലേക്ക് താഴാനില്ല’; ‘ബ്രണ്ണന്‍ പോരില്‍’ കെ സുധാകരന്‍

പിണറായി വിജയന്റേത് സ്വഭാവ വൈകല്യമാണെന്ന് വിശേഷിപ്പിച്ച കെ സുധാകരന്‍ അതിന് പരിഹാരമായി താന്‍ കാണുന്നത് വ്യക്തി വിമര്‍ശനമാണെന്നും പോസ്റ്റില്‍ പറഞ്ഞുവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തലശ്ശേരി ബ്രണ്ണന്‍ കോളെജിലെ പഠനകാലത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇരുനേതാക്കളും വാഗ്വാദത്തിന് മുതിര്‍ന്നിരുന്നു. സുധാകരനെതിരെ പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണങ്ങളുന്നയിക്കുകയും പിറ്റേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയും പിണറായിക്കെതിരെ തെളിവുകള്‍ നിരത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ‘ഇത് പോലൊരു അമരക്കാരനെ ആണ് ഞങ്ങള്‍ ആഗ്രഹിച്ചത്’ എന്നാണ് ഒരാളുടെ കമന്റ്. ‘പാതി മുങ്ങിയ കപ്പലിനെ പാടെ മുക്കാന്‍ വന്ന പ്രസിഡന്റ്’, എന്ന തരത്തിലുള്ള എതിര്‍ വാദങ്ങളും കമന്റ് ബോക്‌സില്‍ നിറയുന്നുണ്ട്.