‘തലശ്ശേരി കലാപത്തില്‍ പിണറായിക്ക് പങ്കുണ്ടെന്ന് പറഞ്ഞ സിപിഐ ഇപ്പോഴും നിഷേധിച്ചിട്ടില്ല’; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരനും കൊടിക്കുന്നിലും

തലശ്ശേരി കലാപത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ അന്ന് എംഎല്‍എ ആയിരുന്ന പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് നടന്ന കലാപത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപിച്ചത് സിപിഐ ആണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് മോഡലില്‍ മുസ്ലിം സമുദായത്തെ കൊള്ളയടിക്കാനും, കൊല്ലാനും കാരണമായ തലശ്ശേരി കലാപത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് പറഞ്ഞ് നോട്ടീസ് ഇറക്കിയത് സിപിഐ ആണ് അത് അവര്‍ ഇതുവരെ തിരുത്തിയിട്ടില്ല.

കെ സുധാകരന്‍

ആര്‍എസ്എസും സിപിഐഎമ്മും സയുക്തമായാണ് 1971ലെ തലശ്ശേരി കലാപം നടത്തിയതെന്ന് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മുസ്ലിം ലീഗ് ഭരണത്തില്‍ ഇരിക്കുമ്പോള്‍ ലീഗിനോടുള്ള പ്രതികാരം ആയിട്ടാണ് അസംഖ്യം സാധാരണ മുസ്ലിം ഭവനങ്ങള്‍ കൊള്ളയടിക്കാനും, അഗ്‌നിക്കിരയാക്കാനും, ഒരുപാട് മനുഷ്യരുടെ മരണത്തിനും ഇരയാക്കിയ തലശ്ശേരി ‘മുസ്ലിം കൂട്ടക്കൊല’ സംഭവിച്ചത്. സിഎച്ച് മുഹമ്മദ് കോയ ആഭ്യന്തര മന്ത്രിയായതിനെ അങ്ങേയറ്റം വര്‍ഗീയമായി ചിത്രീകരിക്കാനാണ് സിപിഐഎം ശ്രമിച്ചത്.

പിണറായി വിജയന്‍ അന്നത്തെ കലാപത്തില്‍ പങ്കുവഹിച്ചു എന്ന് കണ്ടെത്തി ജനങ്ങള്‍ക്കിടയില്‍ ജാഗ്രത പാലിക്കാന്‍ നോട്ടീസ് വിതരണം ചെയ്തത് സിപിഐ ആണ്. അവര്‍ അത് ഇന്നും നിഷേധിച്ചിട്ടില്ല. തലശ്ശേരി കലാപം മുതലെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കിയത് മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ അരിയും മറ്റും കൊള്ളയടിച്ചതില്‍ ഉള്‍പ്പെടെ അന്ന് എംഎല്‍എ ആയിരുന്ന പിണറായി വിജയന്റെ പങ്ക് അക്കമിട്ട് വസ്തുതകള്‍ നിരത്തിക്കൊണ്ട് സിപിഐ തന്നെ അന്ന് പുറത്ത് വിട്ടത് ഇന്ന് വിലയേറിയ ചരിത്ര രേഖയാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

തിരുവിതാംകൂര്‍ മുതല്‍ ഉത്തരമലബാര്‍ വരെയുള്ള മുക്കിലും മൂലകളിലും സിപിഐഎം അന്ന് നടത്തിയ വര്‍ഗീയ പ്രചാരണങ്ങളെയും കലാപ ആഹ്വാനങ്ങളെയും വിമര്‍ശിക്കാനുള്ള തന്റേടം അന്ന് സിപിഐ കാണിച്ചിരുന്നു. വിതയത്തില്‍ കമ്മീഷന് മുമ്പാകെ സിപിഐ കൊടുത്ത മൊഴിയിലും അത് വ്യക്തമാണ്.

കൊടിക്കുന്നില്‍ സുരേഷ്

പ്രതീഷ് വിശ്വനാഥിനേപ്പോലുള്ള വര്‍ഗീയ ക്രിമിനലുകള്‍ക്കെതിരെ അന്വേഷണം ഉണ്ടാകാത്തത് മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ ബാന്ധവം ആണ് വെളിപ്പെടുത്തുന്നതെന്നും കോണ്‍ഗ്രസ് എംപി ഫേസ്ബുക്കില്‍ കുറിച്ചു. തലശ്ശേരി കലാപത്തെ അപലപിച്ചും പിണറായിയെ വിമര്‍ശിച്ചും സിപിഐ പുറത്തിറക്കിയ നോട്ടീസിന്റെ പകര്‍പ്പും കൊടിക്കുന്നില്‍ ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

തലശ്ശേരി കലാപം

കണ്ണൂര്‍ തലശ്ശേരിയില്‍ 1971 ഡിസംബര്‍ 28 മുതല്‍ ഒരാഴ്ചക്കാലം നടന്ന വര്‍ഗീയസ്വഭാവമുള്ള ഏകപക്ഷീയമായ അക്രമപരമ്പരയാണ് തലശ്ശേരി കലാപം എന്നറിയപ്പെടുന്നത്. മുസ്ലിം ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരാണ് കലാപത്തിനിരയായത്. തലശ്ശേരിയിലുണ്ടായ വര്‍ഗീയലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ കലാപത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ.

‘നൂറ്റാണ്ടുകളായി തലശ്ശേരിയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരന്മാരായി കഴിഞ്ഞുവരികയായിരുന്നു. ആര്‍എസ്എസും ജനസംഘവും തലശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഈ സാഹോദര്യം നഷ്ടപ്പെട്ടത്. അവരുടെ മുസ്ലീം വിരുദ്ധപ്രചാരണം മുസ്ലീങ്ങളെ അവരുടെ സാമുദായികസംഘടനയായ മുസ്ലീംലീഗിനു പിന്നില്‍ അണിനിരത്താന്‍ കാരണമായി. ഈ സാമുദായിക സ്പര്‍ദ്ധയാണ് ലഹളക്ക് വഴിയൊരുക്കിയത്. ഒരാഴ്ചയോളം അക്രമങ്ങള്‍ നീണ്ടു. ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സര്‍ക്കാരിന്റെ കണിശമായ ഇടപെടല്‍ കാരണം കലാപം പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിച്ചു’

സ്വാതന്ത്രത്തിന് ശേഷം കേരളത്തില്‍ നടന്ന ആദ്യ വര്‍ഗീയ സ്വഭാവമുള്ള കലാപമാണിതെന്നു വിലയിരുത്തപ്പെടുന്നു. കലാപം അമര്‍ച്ച ചെയ്യാന്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ എഎസ്പി ആയി അയച്ചത് അജിത് ഡോവലിനെ ആയിരുന്നു.