നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ് പ്രശാന്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്; വെല്ലുവിളി വേണ്ടെന്ന് അകത്തുള്ളവര്‍ക്ക് സുധാകരന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഡിസിസി പുനസംഘാടനത്തില്‍ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്. സസ്‌പെന്‍ഷനിലിരിക്കെ വീണ്ടും അച്ചടക്കലംഘനം നടത്തിയതിനാണ് പ്രശാന്തിനെ പുറത്താക്കിയതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി.

പ്രശാന്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചു. വന്യമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടിയേയും നേതാക്കളേയും അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ല.

കെ സുധാകരന്‍

തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്‍ പാലോട് രവിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളേത്തുടര്‍ന്ന് പ്രശാന്തിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കടുത്ത ആരോപണങ്ങളുമായി പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. കെ സി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ അന്തകനാണെന്നും ബിജെപിയുടെ ഏജന്റാണെന്നും കത്തിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് മത്സരിച്ചത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമായെന്നും രാഹുല്‍ ഗാന്ധിക്ക് തന്നെ അയച്ച ഇ മെയിലില്‍ പ്രശാന്ത് കുറ്റപ്പെടുത്തി. ഇ മെയില്‍ പുറത്തുവരികയും വാര്‍ത്തയാകുകയും ചെയ്തിരുന്നു.

കേരളത്തില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം. കെ സി വേണുഗോപാലിനെതിരെ പറഞ്ഞതില്‍ പശ്ചാത്താപമില്ല. സംഘടനയെ വേണുഗോപാല്‍ നശിപ്പിക്കും.

പി എസ് പ്രശാന്ത്

പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ ആരംഭിച്ച പൊട്ടിത്തെറി തുടരുകയാണ്. പുനസംഘാടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കെ സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ശനം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് എന്ന പോലെയുള്ള കടുത്ത ശിക്ഷാനടപടികള്‍.

പാലക്കാട്ടെ മുതിര്‍ന്ന നേതാവായിരുന്ന എ. വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. കെ സുധാകരനേയും വി ഡി സതീശനേയും വിമര്‍ശിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയതോടെ എ, ഐ ഗ്രൂപ്പുകളുടെ അമര്‍ഷം പരസ്യമായി. ഇതിനിടെ ഗ്രൂപ്പ് മാനേജര്‍മാരായ രണ്ടാം നിര നേതാക്കള്‍ പുതിയ നേതൃത്വത്തിനൊപ്പം ചേര്‍ന്നത് എ, ഐ പാളയങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എ ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്ന തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള ശ്രമത്തില്‍ പിന്തുണ കിട്ടാതെ വന്നതോടെ ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് അകന്നിരുന്നു. പൊട്ടിത്തെറിക്കിടെ തിരുവഞ്ചൂര്‍ എ ഗ്രൂപ്പിനെ പൂര്‍ണമായും തള്ളിപ്പറയുകയും പുതിയ നേതൃത്വത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന നിലപാടാണ് തിരുവഞ്ചൂര്‍ സ്വീകരിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ടി സിദ്ദിഖും മുന്‍പ് തന്നെ പുതിയ നേതൃത്വത്തിന്റെ ഭാഗമായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റും ഐ ഗ്രൂപ്പ് മാനേജര്‍മാരില്‍ ഒരാളുമായിരുന്ന ശൂരനാട് രാജശേഖരനും ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞു. പി ടി തോമസും ഒരു വിഭാഗം യുവ എംഎല്‍എമാരും നേതാക്കളും വിഡി-കെഎസ് നേതൃത്വത്തിന്റെ തുടക്കം മുതലേ അനുകൂല നിലപാടിലാണ്. സമൂല മാറ്റങ്ങള്‍ക്ക് കെ മുരളീധരന്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതും ഉമ്മന്‍ചാണ്ടി-ചെന്നിത്തല ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയായി. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണമെങ്കില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കട്ടെയെന്നും യുഡിഎഫിലെടുക്കുന്നത് ആലോചിക്കാമെന്നുമായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരിഹാസം.

Also Read: ‘കപ്പിത്താന്‍ ആദ്യം തന്നെ കടലില്‍ ചാടി രക്ഷപ്പെട്ടു, പലരുമിനി നീന്തി രക്ഷപ്പെടും’; എ.വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐഎം