സ്ഥാനത്തെത്തി മൂന്നാം നാള്‍ മുക്കാല്‍ മണിക്കൂറോളം ‘ലൈവ്’ പിടിച്ചെടുത്ത് കെ സുധാകരന്‍; പഞ്ച് ഡയലോഗുകളുടെ ആവേശം പ്രവര്‍ത്തകര്‍ക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏകപക്ഷീയമായി വളരെ സ്വാതന്ത്ര്യം ലഭിച്ചിരുന്ന ഒരിടത്തേക്ക് ഇടിച്ചു കയറാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. അതും സ്ഥാനം ഏറ്റെടുത്ത് മൂന്നാം നാള്‍ തന്നെയെന്നതാണ് അവരെ കൂടുതല്‍ സന്തോഷത്തിലാഴ്ത്തുന്നത്.

പറഞ്ഞുവരുന്നത് കെ സുധാകരനെ കുറിച്ച് തന്നെ. പരമ്പരാഗത മാധമങ്ങളിലായാലും നവമാധ്യമങ്ങളിലായാലും നിറഞ്ഞു നില്‍ക്കുക എന്നത് പുതിയ കാല രാഷ്ട്രീയ പ്രവര്‍ത്തന മേഖല ആവശ്യപ്പെടുന്ന ഒന്നാണ്. കഴിഞ്ഞ കുറച്ചു കാലമായി സിപിഐഎമ്മിന് സാധിച്ചിരുന്നതും കോണ്‍ഗ്രസിന് സാധിക്കാതിരുന്നതും അതാണ്.

എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചതിന് പിന്നില്‍ മാധ്യമങ്ങളെ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ സാധിച്ചതാണ് എന്നത് കാരണങ്ങളില്‍ ഒന്നാണ്. 2018ലെ പ്രളയകാലം മുതല്‍ കൊവിഡ് മഹാമാരി കാലത്ത് വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഒരു മണിക്കൂറോളം നീളുന്ന ദിനേനയുള്ള വാര്‍ത്ത സമ്മേളങ്ങള്‍ എല്‍ഡിഎഫ് നിലപാടിനെ ജനങ്ങളിലെത്തിക്കാന്‍ വലിയ തോതില്‍ സഹായിച്ചു.

അതേ സമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ത്ത സമ്മേളനങ്ങള്‍ക്കൊന്നും യാതൊരു സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടി ചാനലൊഴിച്ച് മറ്റൊരു മാധ്യമം ആ വാര്‍ത്താ സമ്മേളനങ്ങള്‍ മുഴുവനായും നല്‍കിയിരുന്നില്ല. അങ്ങനെ പിണറായി വിജയന്‍ ഈ മാധ്യമ സ്ഥലത്തെ സമയസ്വാതന്ത്ര്യം ഒറ്റക്ക് കൈകാര്യം ചെയ്ത് വരവേയാണ് കെ സുധാകരന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റെടുത്തത്.

സ്ഥാനം ഏറ്റെടുത്ത ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പോര്‍മുഖം തുറക്കുകയാണ് സുധാകരന്‍ ചെയ്തത്. മൂന്നാം ദിവസമാകുമ്പോഴേക്കും തന്റെ വാര്‍ത്താ സമ്മേളനത്തിന് എല്ലാവരും കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ചാനലുകളും കെ സുധാകരന്റെ വാര്‍ത്താ സമ്മേളനം മുഴുവനായും തന്നെ നല്‍കി. ഇത് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന് ലഭിച്ചിരുന്നതല്ല. ഈ തരത്തില്‍ മാധ്യമങ്ങളില്‍ സമയം ലഭിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്തോഷത്തിലാണ്.

മാത്രമല്ല സുധാകരന്റെ വാക്കുകള്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ ഗ്രൂപ്പ് ഭേദമന്യേ ഇപ്പോള്‍ ഏറ്റെടുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത് വളരെ പ്രകടമാണ്.