കെ സുധാകരന്‍, കെ മുരളീധരന്‍; പുതിയ കെപിസിസി അദ്ധ്യക്ഷന്‍ ഇവരിലൊരാളാവണമെന്ന് ആവശ്യം, മുല്ലപ്പള്ളിയെ മാറ്റിയേക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തും മറ്റ് സ്ഥാനങ്ങളിലും നേതൃമാറ്റ ആവശ്യം സംഘടനക്കകത്ത് ശക്തമായി.

കണ്ണൂര്‍ എംപിയും മുതിര്‍ന്ന നേതാവുമായ കെ സുധാകരനെയോ വടകര എംപിയും മുതിര്‍ന്ന നേതാവുമായ കെ മുരളീധരനെയോ കെപിസിസി അദ്ധ്യക്ഷനാക്കണമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യമുയര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തന്നെ കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നുവെങ്കിലും ഹൈക്കമാന്‍ഡ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ തുടരട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു.

സമാനരീതിയില്‍ കെ മുരളീധരന്‍ നേതൃസ്ഥാനത്തേക്ക് വരണമെന്നും നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. നേമം മണ്ഡലത്തില്‍ കെ മുരളീധരന്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ മുരളീധരനോടുള്ള പ്രവര്‍ത്തകരുടെ ഇഷ്ടം കൂടിയിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ മുരളിക്ക് വേണ്ടിയുള്ള ആവശ്യം ശക്തമായി.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു. രണ്ട് ദിവസത്തിനകം മുല്ലപ്പള്ളി സ്ഥാനം ഒഴിയാനിടയുണ്ട്.

സ്ഥാനമൊഴിണമെന്ന് നേതൃത്വം അനൗപചാരികമായി ആവശ്യപ്പെട്ടതായി വിശ്വസനീയ കേന്ദ്രങ്ങള്‍ ന്യൂസ്റപ്റ്റിനോട് പറഞ്ഞു. രണ്ട് ദിവസത്തിനകം മുല്ലപ്പള്ളിയുടെ സ്വമേധയാ ഉള്ള രാജിയുണ്ടാവന്നില്ലെങ്കില്‍ ഇക്കാര്യം ഔപചാരികമായി ആവശ്യപ്പെടാനാണ് തീരുമാനം.

പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാജിവെക്കുമെന്നാണ് കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നത്. എന്നാല്‍ ഇതുവരെ മുല്ലപ്പള്ളി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സ്വമേധയാ ഉള്ള രാജി വൈകുകയാണെങ്കില്‍ രാജിക്ക് കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തും.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ത്തന്നെ മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കമുണ്ടായിരുന്നു. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേരളത്തിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് 99 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തുടര്‍ച്ച നേടിയപ്പോള്‍ യുഡിഎഫ് 41 സീറ്റുകളില്‍ ഒതുങ്ങി. 22 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.