‘ജനദ്രോഹ സര്‍ക്കാരിനെതിരെ ഒരുമണിക്കൂറെങ്കിലും പ്രതിഷേധിക്കുന്നത് ജനാധിപത്യത്തില്‍ സ്വാഭാവികമാണ്’; ജോജു ജോര്‍ജിനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. നടന്‍ മദ്യപിച്ചാണെത്തിയത്. സ്ത്രീകളുള്‍പ്പെടെയുള്ള സമരക്കാരോട് മോശമായി പെരുമാറി. ജനകീയ വിഷയങ്ങളില്‍ ഒരുമണിക്കൂര്‍ പ്രതിഷേധിക്കുന്നത് ജനാധിപത്യത്തില്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി മദ്യപിച്ചെത്തി ആ സമരമുഖത്ത് കാണിച്ച അക്രമങ്ങള്‍ വളരെ ഖേദകരമാണ്. പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണം. സ്ത്രീകളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. ആ പരാതിയില്‍ നടപടിയുണ്ടാകുന്നില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ ഒരു സമരം കാണേണ്ടിവരും. കോണ്‍ഗ്രസിന്റെ മാത്രമല്ല, ഒരു നാടിന്റെ വികാരമാണ് പ്രകടിപ്പിച്ചത്. ആ വികാരം പ്രകടിപ്പിക്കാന്‍ ജനാധിപത്യ രാജ്യത്ത് അവകാശമില്ലെങ്കില്‍ പിന്നെ എന്തിനാണ് അവകാശമുള്ളത്? ഇത്രയും വലിയ അനീതി കാണിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഒരുമണിക്കൂര്‍ നേരം റോഡ് ഉപരോധിച്ചുള്ള സമരമെല്ലാം ജനാധിപത്യ സംവിധാനത്തില്‍ സ്വാഭാവികമാണ്. അതിനിടയില്‍ അദ്ദേഹം വിളിച്ചുകൂവുന്ന അസഭ്യമായ വാക്കുകളൊക്കെ ചാനല്‍ തുറന്നാല്‍ കാണാം. മുണ്ടും മാടിക്കെട്ടി ഒരു തറ ഗുണ്ടയെപ്പോലെയാണ് അദ്ദേഹം സമരക്കാരോട് പെരുമാറിയത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറി’, കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

വാഹനം തകര്‍ക്കാനുള്ള അവസരമുണ്ടാക്കിയത് ജോജുവാണെന്നും സുധാകരന്‍ പറഞ്ഞു. സമരക്കാര്‍ക്കെതിരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് തകര്‍ന്നിട്ടില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണ്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമരത്തിന്റെ ഭാഗമായി വാഹനം തടഞ്ഞതിനെതിരെയായിരുന്നു ജോജു ജോര്‍ജിന്റെ പരസ്യ പ്രതിഷേധം. സ്വന്തം വാഹനത്തില്‍നിന്ന് നിരത്തിലേക്കിറങ്ങിയ ജോജു രോഷാകുലനാവുകയും സമരത്തിനെതിരെ തിരിയുകയും ചെയ്യുകയായിരുന്നു. രണ്ടുമണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ല എന്നുമായിരുന്നു ജോജു മാധ്യമങ്ങളോട് പറഞ്ഞത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപിച്ച് ജോജു പ്രതിഷേധം തുടര്‍ന്നു.

എന്നാല്‍, ജോജുവിന്റെ ആരോപണം തള്ളിയ സമരക്കാര്‍, നടന്‍ മദ്യപിച്ചാണ് എത്തിയതെന്നും മുന്‍കൂട്ടി അനുമതി വാങ്ങിയാണ് റോഡ് ഉപരോധിച്ചതെന്നും വ്യക്തമാക്കി. ‘ഞങ്ങള്‍ ജനാധിപത്യപരമായാണ് സമരം നടത്തിയത്. അതിനിടെ സിനിമാ നടനായ ജോജു ജോര്‍ജ് മദ്യപിച്ചെത്തി വനിതാ പ്രവര്‍ത്തകരോട് അധിക്ഷേപകരമായി സംസാരിച്ചു. അതിനെതിരെയുള്ള രോഷമാണിവിടെയുണ്ടായത്. ജനങ്ങളുടെ പൂരണ സഹകരണമാണ് സമരത്തോടുണ്ടായത്’, കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മിണി പറഞ്ഞു.

ജോജു ജോര്‍ജ് അധിക്ഷേപിച്ചെന്നു നിയമ നടപടി സ്വീകരിക്കുമെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു. പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ‘മുന്‍കൂട്ടി അനുമതി വാങ്ങിയാണ് റോഡ് ഉപരോധിച്ച് സമരം നടത്തിയത്. അതിനെതിരെ സിനിമാ സ്റ്റൈലില്‍ കള്ളുകുടിച്ചുവന്ന് അഭ്യാസം കാണിക്കുന്നതൊന്നും വിലപ്പോവില്ല. അങ്ങനെ കോണ്‍ഗ്രസിനെ വിരട്ടാമെന്ന് ആരും കരുതേണ്ട’, എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു രാവിലെ 11 മണിമുതല്‍ ഇടപ്പള്ളി-വൈറ്റില ബൈപ്പാസ് ഉപരോധിച്ചത്. നിരവധി വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങിയായിരുന്നു സമരം. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട ജോജു പ്രതിഷേധവുമായി രംഗത്തെത്തിയത്.