‘പച്ചനിറവും മുസ്ലിം പേരും കേള്‍ക്കുമ്പോള്‍ ഇടതിനും സമനില തെറ്റുന്നു’, ഇസ്ലാമൊഫോബിയാ കാലത്ത് ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുമെന്ന് സുധാകരന്‍

മലപ്പുറം: കെപിസിസി അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ വര്‍ഗീയതയ്‌ക്കെതിരെ പോരാടുമെന്ന ആഹ്വാനവുമായി കെ സുധാകരന്‍. പച്ച നിറവും മുസ്ലിം എന്ന പേരും കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിന് ശേഷമാണ് സുധാകരന്റെ പ്രതികരണം.

‘മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് ശ്രീ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചു. യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗ്. വരും നാളുകളില്‍ സംയുക്തമായ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സര്‍വ്വ പിന്തുണയും അദ്ദേഹം ഉറപ്പ് തന്നു. പച്ച നിറവും, മുസ്ലിം എന്ന പേരും കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുക തന്നെ ചെയ്യും. സമൂഹത്തില്‍ വളര്‍ന്നു വരുന്ന വര്‍ഗീയതയെ എന്ത് വന്നാലും ഒന്നിച്ചു നിന്ന് നേരിടുക തന്നെ ചെയ്യും’, സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അധ്യക്ഷനായി ചുമതലയേല്‍പിക്കപ്പെട്ടതിന് ശേഷം പാര്‍ട്ടി നേതാക്കളെയും യുഡിഎഫ് ഘടകകക്ഷി നേതാക്കളെയും സന്ദര്‍ശിക്കുകയാണ് സുധാകരന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും കോണ്‍ഗ്രസ് എംഎല്‍എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഒറ്റക്കെട്ടായി ക്രിയാത്മക പ്രതിപക്ഷമായി കേരളത്തിന്റെ ശബ്ദമായി മുന്നോട്ട് പോകുമെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് ഞാന്‍ വാക്ക് നല്‍കുന്നെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം അറിയിച്ചത്.

Also read: കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെതിരെ സംസാരിച്ചതിന് ബിജെപിയില്‍ നിന്ന് പുറത്താക്കി; ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്

രാവിലെ കെപിസിസി ആസ്ഥാനത്തെത്തി മുല്ലപ്പള്ളി രാമചന്ദ്രനെയും സന്ദര്‍ശിച്ചിരുന്നു. മുല്ലപ്പള്ളിയാണ് സുധാകരനെ സ്വാഗതം ചെയ്തത്.