‘കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുണ്ടെങ്കിലെന്ത് കൊണ്ട് പൊലീസിനോട് പറഞ്ഞില്ല’, പിണറായിയുടെ നിലവാരത്തിലേക്ക് താഴാനില്ല’; ‘ബ്രണ്ണന്‍ പോരില്‍’ കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഓഫ് ദ റെക്കോര്‍ഡ് ആയി പറഞ്ഞ കാര്യമാണ് വാരികയിലെ അഭിമുഖത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി ഉന്നയിച്ച ആരോരപണങ്ങളോട് അതേ പോലെ മറുപടി പറയാന്‍ തനിക്ക് സാധിക്കില്ല. പിആര്‍ ഏജന്‍സിയില്‍ നിന്ന് പുറത്ത വന്ന യഥാര്‍ത്ഥ പിണറായിയെ ആണ് ഇന്നലെ കണ്ടത്. അത് പോലെ തിരിച്ച് മറുപടി പറയാന്‍ തനിക്കാവില്ല. തന്റെ വ്യക്തിത്വവും തന്റെ സംസ്‌കാരവും ഇരിക്കുന്ന കസേരയുടെ മഹത്വവും പിണറായിയിലേക്ക് താഴാനാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് താന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതുകൊണ്ടാണ് സ്വകാര്യമായി കുറച്ച കാര്യങ്ങള്‍ പറഞ്ഞത്. സംഭവത്തിന്റെ വിശദീകരണം പേഴ്‌സണലായി നല്‍കിയിട്ടുണ്ട്. ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം തനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താല്‍പര്യം തനിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

മകളെ തട്ടിക്കൊണ്ടുപോകാന്‍ ആരെയെങ്കിലും പദ്ധതിയിടുന്നുവെങ്കില്‍ ആദ്യം പൊലീസിനെ അല്ലേ അറിയിക്കേണ്ടത്. എന്ത് കൊണ്ട് പൊലീസിനെ അറിയിച്ചില്ല. ഭാര്യയോട് പോലും പറഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. തന്റെ സുഹൃത്താണ് അക്കാര്യം പറഞ്ഞതെങ്കില്‍ ആരാണ് സുഹൃത്ത് എന്ന് പറയാനുള്ള ബാധ്യത പിണറായിക്കുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സുധാകരനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടി വിശദമായി തന്നെ നല്‍കുമെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. അതിന് വേണ്ടിയാണ് ഇന്ന് എറണാകുളത്ത് വാര്‍ത്ത സമ്മേളനം നടത്തിയത്.