ആഴ്ച്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരനെ തെരഞ്ഞെടുത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാനുള്ള ചുമതല ഏല്പിച്ചുകൊണ്ടുള്ള തീരുമാനം രാഹുല്‍ ഗാന്ധി കെ സുധാകരനെ ഫോണില്‍ വിളിച്ചറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. എഐസിസി പ്രതിനിധി താരിഖ് അന്‍വര്‍ ഉന്നത നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
കെ സുധാകരന്റേതല്ലാതെ മറ്റ് പേരുകള്‍ പരിഗണനയില്‍ ഇല്ലായിരുന്നെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. പ്രതിപക്ഷ നേതാവായി വി ഡി സതീശനെ പ്രഖ്യാപിച്ച രീതിയില്‍ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ ഇത്തവണ കെപിസിസി അദ്ധ്യക്ഷനെ ഏകപക്ഷീയമായി തീരുമാനിച്ചു എന്ന പരാതി ഉയരാതിരിക്കാന്‍ എഐസിസി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി.
സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എംഎല്‍എമാരുടേയും എംപിമാരുടേയും അഭിപ്രായം ആരാഞ്ഞു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ആരുടേയും പേര് നിര്‍ദ്ദേശിച്ചില്ല.
കെ സുധാകരനേക്കൂടാതെ, കെ മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നീ പേരുകള്‍ കൂടി കെപിസിസി അദ്ധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഉയര്‍ന്നുവന്നിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിന് പിന്നില്‍ തന്റെ ജാതി പശ്ചാത്തലം കൂടിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷ് നടത്തിയ പ്രസ്താവന ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. കെപിസിസി അദ്ധ്യക്ഷസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. സ്ഥാനമേറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് ശശി തരൂര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.