‘ഞങ്ങള്‍ക്ക് സതീശനും സുധാകരനും മതി, ചുളുവില്‍ മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുന്നവരെ വേണ്ട’; എഐസിസിയിലേക്ക് സന്ദേശപ്രവാഹം

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന നിര്‍ദ്ദേശത്തിന് പിന്നാലെ സുധാകരനെ കെപിസിസി അധ്യക്ഷനും വിഡി സതീശനെ പ്രതിപക്ഷ നേതാവും ആക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തില്‍നിന്നും എഐസിസിയിലേക്ക് നിരവധി സന്ദേശങ്ങളാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ രാഷ്ട്രീയ കാര്യസമിതി ചേരാനിരിക്കെയാണ് സന്ദേശ പ്രവാഹം.

കെസി വേണുഗോപാലിനെതിരെയും മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും നിരവധി പരാതികളാണ് എഐസിസിയിലേക്ക് പ്രവഹിക്കുന്നത്. ആയിരക്കണക്കിന് ഇ മെയില്‍ സന്ദേശങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നതെന്ന് എഐസിസി വൃത്തങ്ങള്‍ പറയുന്നു.

ചില ദേശീയ നേതാക്കള്‍ കേരളത്തില്‍ ചുളുവില്‍ മുഖ്യമന്ത്രിയാവാന്‍ ശ്രമം നടത്തുന്നു, കേരളത്തില്‍ നേതൃത്വം മാത്രമാണുള്ളത്, താഴെത്തട്ടില്‍ പാര്‍ട്ടി ഇല്ല, ഗ്രൂപ്പുകള്‍ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുന്നു, ഗ്രൂപ്പ് മാനേജര്‍മാരാണ് കേരളത്തിലെ പ്രശ്‌നക്കാര്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇ മെയില്‍ സന്ദേശങ്ങളിലുള്ളത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് മെയിലുകള്‍.

വിഡി സതീശനെയും കെ സുധാകരനെയും നേതൃസ്ഥാനങ്ങളില്‍ എത്തിക്കുക എന്നതാണ് സന്ദേശങ്ങളിലെ പ്രധാന ആവശ്യം. കേരളത്തിലെ പ്രശ്‌നപരിഹാരത്തിന് എഐസിസി പ്രതിനിധികള്‍ ഉടന്‍ ഇടപെടുമെന്നാണ് വിവരം.