ബ്രണ്ണന്‍ കോളേജിലെ സംഘട്ടനകഥകള് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള വാക് പോര് മുറുകവെ പ്രതികരണവുമായി മുന്‍ മന്ത്രി എകെ ബാലന്. പിണറായിയും കെ സുധാകരനും ഒരേ കാലത്ത് ബ്രണ്ണനില്‍ പഠിച്ചിട്ടേയില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പറഞ്ഞു.
സുധാകരന് അന്ന് കെഎസ്യു വിരുദ്ധനായിരുന്നു. എസ്എഫ്ഐയ്ക്ക് അനുകൂലമായിട്ടുള്ള നിലപാടെടുത്ത് കെഎസ് യുവിനെ തകര്‍ക്കുന്നതിന് വേണ്ടി രംഗത്ത് വന്ന ഒരാളാണ് ഇപ്പോള്‍ ഞാന്‍ കെഎസ് യുവിനെയുണ്ടാക്കി, കോണ്ഗ്രസിനെയുണ്ടാക്കി എന്ന് പറയുന്നത്.
എ കെ ബാലന്
എ കെ ബാലന് പറഞ്ഞത്
“പിണറായി വിജയനും കെ സുധാകരനും ബ്രണ്ണന്‍ കോളേജില്‍ ഒരുമിച്ച് പഠിച്ചിട്ടേയില്ല. അതാണ് ആദ്യം മനസിലാക്കേണ്ടത്. പിണറായി വിജയന് പോയതിന് ശേഷമാണ് സുധാകരന് അവിടെ ചേരുന്നത്. സുധാകരന് ചേര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ ചേരുന്നത്. ഞാനവിടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് സുധാകരന് ബിഎക്കാരന്‍. കെഎസ് യുവിന്റെ കൂത്തരങ്ങായിരുന്നു അക്കാലത്ത് ബ്രണ്ണന്‍ കോളേജ്. ഒരു സമരം നടത്തിയാല്‍ വിജയിപ്പിക്കില്ല. ലോങ്ങ് ബെല്ലടിക്കാന്‍ സമ്മതിക്കില്ല. സമരവുമായി ബന്ധപ്പെട്ട് ആരെങ്കിലും രംഗത്ത് വന്നാല്‍ അവരെ തല്ലും. ഇങ്ങനെയുള്ള ഒരു ഘട്ടമുണ്ടായിരുന്നു. അതിനെയെല്ലാം ഉള്ള ശേഷി വെച്ചുകൊണ്ട് കെഎസ്എഫ് ചെറുത്തുനിന്നു.
സുധാകരന് അന്ന് കെഎസ്യു വിരുദ്ധനായിരുന്നു. എസ്എഫ്ഐയ്ക്ക് അനുകൂലമായിട്ടുള്ള നിലപാടെടുത്ത് കെഎസ് യുവിനെ തകര്‍ക്കുന്നതിന് വേണ്ടി രംഗത്ത് വന്ന ഒരാളാണ് ഇപ്പോള്‍ ഞാന്‍ കെഎസ് യുവിനെയുണ്ടാക്കി, കോണ്ഗ്രസിനെയുണ്ടാക്കി എന്ന് പറയുന്നത്. അതിന്റെ പരിഹാസ്യത ഇപ്പോള്‍ പറയാന്‍ നിര്ബന്ധിക്കപ്പെട്ടുവെന്ന് മാത്രം. സുധാകരന് പറയുന്നത് തെറ്റാണെന്ന് അയാളെ അറിയുന്ന എല്ലാ കോണ്‍ഗ്രസുകാരും പറയും. കെപിസിസി പ്രസിഡന്റാകുമ്പോള്‍ കെഎസ് യുവിനേയും കോണ്‍ഗ്രസിനേയും വളര്‍ത്തിയെടുത്തത് ഞാനാണെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം കുറേ വീരകഥകള്‍ പറയുകയാണ്. അത് തെറ്റാണ്. ഒരു പച്ചാരം പറച്ചിലാണ്. കെഎസ് യുവിനെ തളര്‍ത്തിയത് സുധാകരനാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുന്നതിന് മുഖ്യ പങ്കുവഹിച്ചതും സുധാകരനാണ്. ഇത് മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.”