ബ്രണ്ണന്‍ കോളേജിലെ സംഘട്ടനകഥകള് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള വാക് പോര് മുറുകവെ പ്രതികരണവുമായി മമ്പറം ദിവാകരന്. പിണറായി വിജയനെ കെ സുധാകരന് ചവിട്ടിവീഴ്ത്തിയെന്ന സംഭവം തന്റെ അറിവില്‍ സംഭവിച്ചിട്ടില്ലെന്ന് ബ്രണ്ണന്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് മമ്പറം ദിവാകരന്റെ പ്രതികരണം.
എന്റെ അറിവില്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഞാന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടുമില്ല.
മമ്പറം ദിവാകരന്
ഞാനും സുധാകരനും ഒന്നിച്ച് പഠിച്ചതാണ്. പിണറായി ഞങ്ങള്‍ രണ്ടുപേരുടേയും സീനിയറാണ്. ഞാന്‍ 1989ല്‍ സംസ്ഥാന കമ്മിറ്റിയംഗമാണ്. അക്കാലത്ത് ഞാന്‍ ഇന്ദിരാപക്ഷത്തും സുധാകരന് സിന്‍ഡിക്കേറ്റ് പക്ഷത്തുമായിരുന്നു. എന്റേയും എ കെ ബാലന്റേയും കാലത്ത് നിരവധി സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. അന്ന് സുധാകരനെവിടെയുണ്ടായിരുന്നു. അന്ന് സുധാകരന് ഞങ്ങളോടൊപ്പമുണ്ടായിരുന്നില്ല. മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയെ തടഞ്ഞുനിര്‍ത്തിയതുമുതലുള്ള സംഭവങ്ങള്‍ തനിക്കറിയാം. പിണറായി വിജയനോട് അന്നും ഇന്നും രാഷ്ട്രീയ ശത്രുതയുണ്ട്. 1973 മുതല്‍ 84 വരെയുള്ള കാലയളവില്‍ സിപിഐഎമ്മുമായിട്ട് താന്‍ നേരിട്ടാണ് പോരാടിയതെന്നും മമ്പറം ദിവാകരന് കൂട്ടിച്ചേര്‍ത്തു.