കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും; സ്ഥാനമേറ്റെടുത്തതിന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്റെ വിടവാങ്ങല്‍ പ്രസംഗം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കും 11.30ക്കും ഇടയിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ്.

രാവിലെ 10 മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും അതിന് ശേഷം പാളയം രക്തസാക്ഷി മണ്ഡലപത്തിലെത്തിയും സുധാകരന്‍ ഹാരാര്‍പ്പണം നടത്തും. അതിന് ശേഷം പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ സുധാകരന്‍ എത്തും.

അവിടെ സേവാദള്‍ വളണ്ടിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. 11 മണിക്ക് ശേഷം സുധാകരന്‍ ചുമതലയേറ്റെടുക്കും. പിന്നീട് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന തനിക്ക് എല്ലാവരുടെയും അനുഗ്രം വേണമെന്ന് കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കെ സുധാകരന്റെ അഭ്യര്‍ത്ഥന

പ്രിയ സഹപ്രവർത്തകരെ,കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് എന്റെ പേര് നിർദ്ദേശിച്ച വിവരം അറിഞ്ഞു കാണുമല്ലോ.ഈ അവസരത്തിൽ പാർട്ടി നേതൃത്വം എന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്വം വളരെ വലുതാണെന്ന ഉത്തമ ബോധ്യത്തോടെയാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നത്.നാളെ (ജൂൺ 16 ന്) കാലത്ത് 11 മണിക്ക് കെപിസിസി ആസ്ഥാനത്ത് വെച്ച് പാർട്ടി തന്ന ചുമതല ഔദ്യോഗികമായി ഞാൻ ഏറ്റെടുക്കുകയാണ്.എല്ലാവരെയും നേരിൽ കണ്ട് അനുഗ്രഹം വാങ്ങണമെന്ന നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും നിങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും ആഗ്രഹം ഉണ്ട് എന്നാൽ ഈ പ്രതിസന്ധിഘട്ടത്തിൽ അത് സാധ്യമല്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ.എങ്കിലും എന്റെ പ്രിയ സുഹൃത്തുക്കളെ അനുഗ്രഹങ്ങളും മനസ്സു കൊണ്ടുള്ള സാന്നിധ്യവും എന്നോടൊപ്പം ഉണ്ടാകണമെന്ന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ ആവശ്യപ്പെടുന്നു.കെപിസിസി ആസ്ഥാനത്ത് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ ഓൺലൈനായി നിങ്ങളോരോരുത്തരും പങ്കെടുക്കണമെന്നും തുടർന്നും നിങ്ങളുടെ വലിയ പിന്തുണ നൽകി മുന്നോട്ടുള്ള യാത്രയിൽ എന്നോടൊപ്പം ഉണ്ടാകണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.