‘രണ്ടിടത്ത് മത്സരിച്ചത് ഞങ്ങള്‍ പറഞ്ഞിട്ട്’; സുരേന്ദ്രനെ സംരക്ഷിച്ച് കേന്ദ്ര നേതൃത്വം; ‘ബിഡിജെഎസ് ഘടകകക്ഷിയായിരിക്കെ ഈഴവ വോട്ടുകള്‍ പോയതെങ്ങനെ?’

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതിനെ ന്യായീകരിച്ച് ബിജെപി കേന്ദ്ര നേതൃത്വം. രണ്ടിടത്ത് മത്സരിച്ചത് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും അത് അനാവശ്യമായിരുന്നെന്നും കോര്‍ കമ്മിറ്റിയംഗങ്ങളില്‍ ഒരാള്‍ വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് ദേശീയ നേതാക്കള്‍ സുരേന്ദ്രനെ ന്യായീകരിച്ച് പ്രതികരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രനെ നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന വ്യക്തമായ സൂചന കേന്ദ്ര നേതൃത്വം നല്‍കുന്നത്. മുന്‍കാലങ്ങളില്‍ സംഘടന ശക്തമാക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തിരുന്നില്ല, പുതിയ നേതൃത്വം വന്ന സമയത്തുണ്ടായ കൊവിഡ് വ്യാപനം താഴെത്തട്ടിലുള്ള പ്രവര്‍ത്തനത്തെ ബാധിച്ചു എന്നീ ഘടകങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്ന് ജനറല്‍ സെക്രട്ടറിമാരിലൊരാള്‍ പറഞ്ഞു. കേരള ഘടകം സമരങ്ങളിലും രാഷ്ട്രീയ വിവാദങ്ങളിലും സേവനപ്രവര്‍ത്തനങ്ങളിലും സജീവമായി നിന്ന് ശ്രദ്ധ നേടിയെന്നും സുരേന്ദ്രനെ അനുകൂലിച്ച് സംസ്ഥാന നേതാവ് പ്രതികരിച്ചു.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ആരും വൈകിപ്പിച്ചിട്ടില്ലെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. മത്സരിക്കുന്നുണ്ടോയെന്ന് ആദ്യം ചോദിച്ചപ്പോള്‍ ഇല്ലെന്ന നിലപാടിലായിരുന്നു അവര്‍. പിന്നീട് ആര്‍എസ്എസ് നേതാവ് വഴിയാണ് കേന്ദ്ര നേതൃത്വത്തെ ശോഭ മത്സരിക്കാനുള്ള താല്‍പര്യമറിയിച്ചത്. അപ്പോള്‍ തന്നെ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിച്ചെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

മുസ്ലീം വോട്ടുകള്‍ ഏകീകരിച്ചതുകൊണ്ടാണ് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, മഞ്ചേശ്വരം, പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണമെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു. സമുദായ വോട്ടുകള്‍ സിപിഐഎമ്മിലേക്ക് പോയതാണ് വോട്ടുവിഹിതത്തില്‍ കുറവുവരാനുള്ള കാരണമെന്ന് നേതൃത്വം വിലയിരുത്തി. 2016 നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎയ്ക്ക് കിട്ടിയ ഈഴവ വോട്ടുകള്‍ ചോര്‍ന്നു. ബിഡിജെഎസ് ഘടകകക്ഷിയായിരിക്കെയുണ്ടായ ഈ ചോര്‍ച്ചയേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു.