‘സികെ ജാനുവിന് താന്‍ പണം നല്‍കിയിട്ടില്ല’; ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അവരെ അപമാനിക്കരുതെന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന് താന്‍ പണം നല്‍കിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സികെ ജാനുവുമായി താന്‍ ഒന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സികെ ജാനുവിന്റെ പാര്‍ട്ടിയിലെ ഉള്‍പ്പോരാണ് വിവാദങ്ങള്‍ക്ക് കാരണം. ട്രഷറര്‍ പ്രസീത വിളിച്ചപ്പോള്‍ സംസാരിച്ചിട്ടുണ്ട്. പക്ഷെ ഓഡയോ ക്ലിപ്പ് പരിശോധിക്കണം. ആദിവാസി വിഭാഗത്തില്‍പ്പെട്ടത് കൊണ്ടാണോ സികെ ജാനുവിനെ ഇങ്ങനെ ആക്രമിക്കുന്നത്. ബിജെപിയെ എത്ര വേണമെങ്കിലും ആക്ഷേപിച്ചോളൂ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കുഴല്‍പ്പണക്കേസില്‍ കേസില്‍ നുണപ്രചരണം നടത്തുന്നത് സിപിഐഎമ്മാണ്. പുറത്തുവരുന്ന വാര്‍ത്തകളില്‍ ഒരംശം പോലും സത്യമില്ല. ബിജെപി നേതാക്കളെ അനാവശ്യമായി കേസില്‍ ചോദ്യം ചെയ്യുന്നു. പൊലീസിന് അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേസ് അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്ത് സഹകരിക്കുന്നു. പൊലീസ് ശൂന്യതയില്‍ നിന്ന് കഥയുണ്ടാക്കുന്നു. മുഴുവന്‍ പണവും കണ്ടെത്താന്‍ കഴിയാത്തത് എന്ത് കൊണ്ടെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

രാഷ്ട്രീയപേരിതമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അത് നടക്കാന്‍ പോകുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.