‘ബിജെപിക്കും യുഡിഎഫിനുമെതിരെ കള്ളക്കഥ മെനയാന്‍ ടീമുണ്ടാക്കി’; ‘സിന്ധുവിന്റെ’ മെയില്‍ പുറത്തുവിട്ട് കെ സുരേന്ദ്രന്‍; ‘ഏഷ്യാനെറ്റിനെ വിലക്ക് വാങ്ങിയ തുക പിണറായി വ്യക്തമാക്കണം’

ഏഷ്യാനെറ്റ് ന്യൂസിനും ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കും യുഡിഎഫിനുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക റിപ്പോര്‍ട്ടര്‍ ടീമിനെയുണ്ടാക്കിയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സിന്ധു സൂര്യകുമാര്‍ റീജിയണല്‍ റിപ്പോര്‍ട്ടമാര്‍ക്കയച്ച മെയിലെന്ന പേരില്‍ ഒരു കുറിപ്പും സുരേന്ദ്രന്‍ പങ്കുവെച്ചിട്ടുണ്ട്.

താങ്കള്‍ (പിണറായി) ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സര്‍വ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പിആര്‍ ഏല്‍പ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ. ഖജനാവില്‍ നിന്ന് പരസ്യ ഇനത്തില്‍ കൊടുത്തതുകൂടാതെ എത്ര കോടിക്കാണ് ഇക്കൂട്ടരെ വിലക്കെടുത്തതെന്ന് താങ്കള്‍ക്കുമാത്രമേ പറയാനാവൂ.

കെ സുരേന്ദ്രന്‍

താങ്കളുടെ പാര്‍ട്ടിയുടെ ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ താങ്കളുടെ പാര്‍ട്ടിയുടെ താത്വികാചാര്യന്റെ മകനെ മുന്‍നിര്‍ത്തി എകെജി സെന്ററില്‍ നടത്തിയതുപോലുള്ള ഒത്തുതീര്‍പ്പിന് ഞങ്ങളേതായാലും ഇല്ലെന്ന് മാത്രം തല്‍ക്കാലം താങ്കളെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ബിജെപി ഏഷ്യാനെറ്റ് ബഹിഷ്‌കരണം തുടരുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കെ സുരേന്ദ്രന്‍ പറഞ്ഞത്

“തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് ശ്രീ. പിണറായി വിജയന്‍ മനസിലാക്കണം. റീജിനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഈ മെയിലില്‍ യുഡിഎഫിനും ബിജെപിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാന്‍ ടീമിനെ ഉണ്ടാക്കിയവര്‍ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല. താങ്കള്‍ ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സര്‍വ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പി. ആര്‍. ഏല്‍പ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ. ഖജനാവില്‍ നിന്ന് പരസ്യ ഇനത്തില്‍ കൊടുത്തതുകൂടാതെ എത്ര കോടിക്കാണ് ഇക്കൂട്ടരെ വിലക്കെടുത്തതെന്ന് താങ്കള്‍ക്കുമാത്രമേ പറയാനാവൂ. താങ്കളുടെ പാര്‍ട്ടിയുടെ ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ താങ്കളുടെ പാര്‍ട്ടിയുടെ താത്വികാചാര്യന്റെ മകനെ മുന്‍നിര്‍ത്തി എ. കെ. ജി സെന്ററില്‍ നടത്തിയതുപോലുള്ള ഒത്തുതീര്‍പ്പിന് ഞങ്ങളേതായാലും ഇല്ലെന്ന് മാത്രം തല്‍ക്കാലം താങ്കളെ ഓര്‍മ്മിപ്പിക്കുന്നു.”