സി കെ ജാനുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് 10 ലക്ഷം രൂപ കൊടുത്തെന്ന് ആരോപണം. സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ബത്തേരി സീറ്റും 10 ലക്ഷം രൂപയും തന്നാല്‍ മാത്രമേ എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കൂ എന്നതാണ് സി കെ ജാനുവിന്റെ ഡിമാന്‍ഡെന്ന് പ്രസീത പറയുന്നതും കെ സുരേന്ദ്രന് സമ്മതിക്കുന്നതുമാണ് ഫോണ്‍ റെക്കോഡിലുള്ളത്.
ഏഴാംതീയതി വരുമ്പോള്‍ നേരിട്ട് സി കെ ജാനുവിന്റെ കൈയില്‍ കൊടുക്കാം. ഇലക്ഷന് സമയത്തെ പൈസ ഡീലിങ്ങേ.. അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുനടക്കല്‍ പറ്റില്ല. ആറാം തീയതി രാവിലെ വന്നോ, ഞാന്‍ പൈസ തരാം.
കെ സുരേന്ദ്രന്
കൊടകര കുഴല്‍പ്പണകവര്‍ച്ചാ കേസ് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കെയാണ് കെ സുരേന്ദ്രന് പണമെറിഞ്ഞ് രാഷ്ട്രീയ വിലപേശല്‍ നടത്തിയെന്ന ആരോപണമുയരുന്നത്. കുഴല്‍പണം കടത്തലുമായോ കവര്ച്ചയുമായോ ബിജെപിക്ക് ബന്ധമില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പണമിടപാടുകളെല്ലാം പൂര്‍ണമായും ഡിജിറ്റലായിരുന്നെന്നും സുരേന്ദ്രന് അവകാശപ്പെടുകയുണ്ടായി.