തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫിന്റെ വിജയം മുസ്ലിം വോട്ട് വര്‍ഗ്ഗീയമായി ഏകീകരിക്കപ്പെട്ടതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപിയെ തോല്പിക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ് മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ലീഗ് ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയ ശക്തികള്‍ എല്‍ഡിഎഫിന് വോട്ടുചെയ്തു. കല്പറ്റയില് സിപിഐഎമ്മിലെ മുസ്ലിങ്ങള്‍ ടി സിദ്ദിഖിന് വോട്ട് ചെയ്തെന്നും കെ സുരേന്ദ്രന് പറഞ്ഞു.
കെ സുരേന്ദ്രന് പറഞ്ഞതിങ്ങനെ;
ശക്തമായ ത്രികോണ മത്സരം നടന്ന, ബിജെപിക്ക് വിജയസാധ്യതയുണ്ടായിരുന്ന പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വോട്ട് കുറഞ്ഞു. വോട്ട് മറിച്ചു. മുസ്ലിം വര്‍ഗ്ഗീയ ശക്തികളെ പരസ്യമായി കൂട്ടുപിടിച്ച് നിങ്ങള്‍ നടത്തിയ പ്രചാരണം പിണറായി വിജയനും വി ശിവന്‍കുട്ടിയും നിഷേധിച്ചിട്ടില്ല. നേമത്ത് ഞങ്ങള്‍ പതിനായിരം വോട്ട് കൊടുത്തതാണെന്ന് എസ്ഡിപിഐ പരസ്യമായി പറഞ്ഞത് നിഷേധിച്ചിട്ടില്ലല്ലോ. അഭിമന്യുവിനെ കൊന്ന പാര്‍ട്ടിയല്ലേ എസ്ഡിപിഐ. നിഷേധിച്ചിട്ടില്ലല്ലോ ഈ നിമിഷം വരെ. യുഡിഎഫിനും വര്‍ഗ്ഗീയ ശക്തികളുടെ സഹായം ലഭിച്ചു.
കഴിഞ്ഞ തവണ എല്‍ഡിഎഫിന് വലിയ പിന്തുണ ലഭിച്ച മണ്ഡലമാണ് കല്പറ്റ. അത് കഴിഞ്ഞാണ് ജനാതാദള്‍ യുഡിഎഫില്‍നിന്ന് എല്‍ഡിഎഫിലേക്ക് വന്നത്. വോട്ട് ശതമാനം സ്വാഭാവികമായും കൂടേണ്ടിയിടത്ത് എങ്ങനെയാണ് ശ്രേയാംസ് കുമാര്‍ പരാജയപ്പെട്ടത്? എങ്ങനെയാണ് ടി സിദ്ദിഖ് ജയിച്ചത്? കല്പറ്റയില് സിപിഐഎമ്മിനകത്തെ മുസ്ലിം വോട്ടര്‍മാര്‍ പൂര്‍ണമായും സിദ്ദിഖിനാണ് വോട്ട് ചെയ്തത്. സിപിഐഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തകരായ മുസ്ലിം സഖാക്കള്‍ വോട്ട് ചെയ്തത് സിദ്ദിഖിനാണ്. ഇതാര്‍ക്കും അറിയാത്ത കാര്യമല്ല. ശ്രേയാംസ് കുമാര്‍ 25000വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ ഇന്നത്തെ തരംഗത്തില്‍ ജയിക്കേണ്ട മണ്ഡലമാണ് കല്പറ്റ. ഇങ്ങന എല്ലായിടത്തും ശക്തമായ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടായിട്ടുണ്ട്. സാമൂദായിക അടിസ്ഥാനത്തില്‍ തീവ്രവാദ ശക്തികളടക്കം സഹായിച്ചിട്ടുണ്ട്.
ഇ ശ്രീധരന് നിയമസഭയില്‍ പോകാന്‍ പാടില്ല, കുമ്മനം രാജശേഖരനെ നിയമസഭ കാണിക്കാന്‍ പാടില്ല, എന്നാല്‍, നമ്മളെല്ലാവരും ചേര്‍ന്ന് നമ്മുടെ സമുദായം രാഷ്ട്രീയം നോക്കാതെ ഒരുമിച്ച് നിന്ന് ബിജെപിയെ തോല്പിക്കണമെന്ന ആഹ്വാനമുണ്ടായില്ലേ. പാലക്കാട് ഷാഫി പറമ്പില്‍ ജയിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയത് യുഡിഎഫുകാര്‍ മാത്രമല്ല. എകെഎം അഷ്റഫ് മഞ്ചേശ്വരത്ത് വിജയിച്ചപ്പോള്‍ ആഹ്ലാദിച്ചത് ലീഗുകാര്‍ മാത്രമല്ല. സിദ്ദീഖ് ജയിച്ചപ്പോള്‍ ആഹ്ലാദിച്ചത് കോണ്‍ഗ്രസുകാര്‍ മാത്രമല്ല. വര്‍ഗീയ ശക്തികളുടെ വിജയമാണ്. കേരളത്തില്‍ മുസ്ലിം സംഘടനകള്‍ തീരുമാനക്കുന്നവര് മാത്രമേ വിജയിക്കൊള്ളു. മറ്റാരെയും വിജയിപ്പിക്കില്ലെന്നാണ് അവരുടെ നിലപാട്.
ഗുരുവായൂരിലെ ലീഗ് സ്ഥാനാര്‍ത്ഥി എന്തുകൊണ്ടാണ് പരാജയപ്പെട്ടത്? കെഎന്‍എ ഖാദറിനോട് എനിക്കുള്ള അപേക്ഷ, സംസ്കൃത ശ്ലോകങ്ങലും മഹാഭാരതവുമൊന്നും ഇനി വല്ലാണ്ട് ഉദ്ദരിക്കേണ്ട എന്നാണ്. ഫ്ത്വ പുറപ്പെടുവിച്ചിരിക്കുന്ന മണ്ഡലങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ നേതാക്കളില്‍ പലരും അവര്‍ മുസ്ലിമാണെങ്കില് പോലും, ലീഗ് മത്സരിക്കാത്ത സ്ഥലങ്ങളിലെല്ലാം യുഡിഎഫിന് കിട്ടേണ്ട മുസ്ലിം വോട്ടുകളെല്ലാം സിപിഐഎമ്മിന് പോയി. ബേപ്പൂരില്‍ മരുമകന് മത്സരിച്ചിടത്തടക്കം യഥാര്‍ത്ഥ പരിശോധന നടത്തിയാല്‍ കാണാന്‍ സാധിക്കും. ലീഗ് മത്സരിക്കാത്തിടത്തെല്ലാം ലീഗും എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമടക്കം എല്ലാ വര്‍ഗ്ഗീയ ശക്തികളും എല്‍ഡിഎഫിനാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇത് പച്ചയായ ശക്തിയാണ്. ഇതാണ് കേരളത്തില്‍ നടക്കുന്നത്.
എന്‍ഡിഎയുടെ ഏതാനും വോട്ടുകള്‍ കുറഞ്ഞത് വോട്ടുകച്ചവടമാണെങ്കില് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രം അതിന് മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ എട്ടുശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് കുറഞ്ഞത്. രണ്ട് കോടിയിലധികം ആളുകള്‍ വോട്ട് ചെയ്ത ഈ തെരഞ്ഞെടുപ്പില്‍ എട്ട് ശതമാനം വോട്ട് കുറയുക എന്നാല്‍, 16 ലക്ഷം വോട്ടുകള്‍ വില്‍ക്കുക എന്നാണ് അര്‍ത്ഥം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ വിറ്റ 16 ലക്ഷത്തിന്റെ പണം എവിടെയാണ് പോയിരിക്കുന്നത്? എകെജി സെന്ററിലേക്കോ ധര്‍മ്മടത്തേക്കോ? വോട്ട് കച്ചവടമെന്ന് പിണറായി വിജയന് ബാലിശമായ ആരോപണമുന്നയിക്കുമ്പോള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കുറവ് എല്‍ഡിഎഫിനുണ്ടായത് കച്ചവടം നടത്തിയിട്ടാണോ?
ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പലമണ്ഡലങ്ങളിലും വോട്ട് കുറഞ്ഞിട്ടുണ്ട്. മെട്രോമാന് ഇ ശ്രീധരന് മത്സരിച്ച പാലക്കാട് മണ്ഡലത്തില്‍ അയ്യായിരത്തോളം വോട്ടുകള്‍ അധികം പോള്‍ ചെയ്തിട്ടും സിപിഐഎമ്മിന് രണ്ടായിരത്തിലധികം വോട്ടുകളുടെ കുറവുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴായിരം വോട്ടിന്റെ കുറവാണ് മണ്ഡലത്തില്‍ സിപിഐഎമ്മിനുണ്ടായിരിക്കുന്നത്. ഇ ശ്രീധരന് ജയിക്കുന്നതിനേക്കാള്‍ ഷാഫി പറമ്പില്‍ ജയിക്കുന്നതാണ് നല്ലതെന്ന് മന്ത്രിസഭാംഗമായ എകെ ബാലന് പരസ്യമായി പറഞ്ഞു. ഇത് എല്‍ഡിഎഫ് കച്ചവടം ചെയ്തതാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയല്ലേ. മഞ്ചേശ്വരത്ത് പതിനായിരത്തോളം വോട്ടിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. മൂന്ന് ശതമാനം വോട്ട് എല്‍ഡിഎഫിന് കുറഞ്ഞു. നേമത്തും സിപിഐഎമ്മിന് വോട്ടുകുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കുറഞ്ഞു. വിറ്റതിന്റെ കാശ് എകെജി സെന്ററിലേക്കോ? ധര്‍മ്മടത്തേക്കോ? മേഴ്സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം വോട്ട് കുറഞ്ഞു. സ്വരാജ് പരാജയപ്പെട്ട തൃപ്പൂണിത്തുറയിലടക്കം എല്ലായിടത്തും ഇതുസംഭവിച്ചു.