എല്ലാം ആര്‍എസ്എസിന്റെ അറിവോടെയെന്ന കെ സുരേന്ദ്രന്റെ പുതിയ ഓഡിയോ സന്ദേശം പുറത്ത്; പണം ഏര്‍പ്പാടാക്കിയത് ആര്‍എസ്എസ് നേതാവ്, സികെ ജാനുവിന് 25 ലക്ഷം കൂടി ലഭിച്ചെന്ന് പ്രസീത

കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സികെ ജാനുവിന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയിരുന്നെന്ന് വ്യക്തമാക്കുന്ന പുതിയ ഓഡിയോ സന്ദേശം പുറത്ത്. സികെ ജാനുവിനും ജെആര്‍പിക്കും പണം നല്‍കിയത് ആര്‍എസ്എസിന്റെ അറിവോടെയാണെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. പണം ഏര്‍പ്പാട് ചെയ്തത് ആര്‍എസ്എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേഷാണെന്ന് സുരേന്ദ്രന്‍ ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടതിനോട് പറയുന്നതായിട്ടാണ് പുറത്തുവന്ന ഓഡിയോയിലുള്ളത്.

സികെ ജാനുവിന് നല്‍കിയ പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി നല്‍കിയിരുന്നെന്നും പ്രസീത മൊഴി നല്‍കിയിട്ടുണ്ട്. ജെആര്‍പിക്കുള്ള 25 ലക്ഷമാണ് നല്‍കുന്നതെന്ന് സുരേന്ദ്രന്‍ പറയുന്നതായി ശബദരേഖയിലുണ്ട്. ഗണേഷ് ജാനുവിനെ വിളിക്കുന്നുണ്ട്, അവര്‍ ഫോണെടുക്കുന്നില്ലല്ലോയെന്ന് സുരേന്ദ്രനും അതിന് മറുപടിയായി പര്യടനത്തിലായതുകൊണ്ടാവാമെന്ന് പ്രസീതയും പറയുന്നു. നിങ്ങളുടെ പാര്‍ട്ടിയുടെ ആവശ്യത്തിന് 25 ലക്ഷം തരാമെന്ന് പറഞ്ഞിട്ടുണ്ട്. ജാനുവിനോട് ഗണേഷിനെ വിളിക്കാന്‍ പറയൂ. ഗണേഷ് ആരാണെന്ന് അവര്‍ക്ക് മനസിലായില്ലെന്ന് തോന്നുന്നു എന്നും സുരേന്ദ്രന്‍ പറയുന്നതായാണ് ശബ്ദരേഖ.

കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട് പുറത്തുന്ന ഫോണ്‍ സംഭാഷണത്തില്‍ മറുവശത്തുള്ളത് താനാണെന്ന് പ്രസീത സ്ഥിരീകരിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പണമെത്തിയത്. ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

Also Read: കരണ്‍ ഥാപ്പര്‍, ജാവേദ് അക്തര്‍, അശുതോഷ് എന്നിവരും പവാര്‍ വസതിയിലെ യോഗത്തില്‍; പ്രതിപക്ഷ സഖ്യത്തിനുള്ള ആദ്യ ശ്രമമാവാമെന്ന് ശിവസേന

‘പ്രശാന്ത് പണം കൊണ്ടുവന്നത് ഒരു തുണി സഞ്ചിയിലാണ്. അതിന്റെ മുകളിലുണ്ടായിരുന്നത് ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ ചെയ്ത സാധനങ്ങളാണെന്നും സ്ഥാനാര്‍ത്ഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. ജാനുവന്ന് സഞ്ചി വാങ്ങി. എന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റാര്‍ക്കും പങ്കില്ല. ദളിത്-ആദിവാസി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ തുറന്ന് പറയാനുള്ള ആര്‍ജ്ജവമുണ്ട്. ഞങ്ങളുടെ സമൂഹം ഒപ്പമുണ്ട്. എന്‍ഡിഎയുമായി പാര്‍ട്ടിക്ക് ഇനി ബന്ധമുണ്ടാവില്ല’, പ്രസീത പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.