ന്യൂഡല്‍ഹി: കേരളത്തില്‍ പാര്‍ട്ടി നേതാക്കള്ക്കടക്കമെതിരെ ആരോപണങ്ങള്‍ രൂക്ഷമാവുന്നതിന് പിന്നാലെ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാത്രിയോടെ സുരേന്ദ്രന് ഡല്‍ഹിയിലെത്തി.
കൊടകര കുഴല്‍പ്പണക്കേസ്, സികെ ജാനുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദം, തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര്, നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം തുടങ്ങിയ കാര്യങ്ങളില്‍ സുരേന്ദ്രന് ദേശീയ നേതാക്കള്‍ക്ക് വിശദീകരണം നല്‍കണമെന്നാണ് വിവരം. മഞ്ചേശ്വരത്തെ ബിഎസ്ബി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തും.
Also Read: ‘കൊവിഡില്‍ വലയുന്ന ജനത്തിന് ഇരുട്ടടി’; ഇന്ധനവിലര്ധനയില് കേന്ദ്ര സര്‍ക്കാരിനെതിരെ എബിവിപി
കേരളത്തിലെ സംഭവങ്ങളും വിവാദങ്ങളും ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വം ഇടപെടുന്നത്. കേരളത്തിലെ വിവാദങ്ങളില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പിലെ തോല്‍വിയും തുടര്‍ന്നുണ്ടായ ഗുരുതര ആരോപണങ്ങളും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് പരിക്കേല്‍പിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ സംഘടനാത്തലപ്പത്തെ മാറ്റങ്ങളെക്കുറിച്ചും ഇന്ന് ചര്‍ച്ചയായേക്കും.