ന്യൂഡല്‍ഹി: മുട്ടില്‍ മരംകൊള്ള ആയുധമാക്കാന്‍ തീരുമാനിച്ച് ബിജെപി. കഴിഞ്ഞ സര്‍ക്കാരില്‍ വനം വകുപ്പ് കൈകാര്യം ചെയ്തിരുന്ന സിപിഐയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്തെത്തി. സിപിഐ നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ഇത് നടന്നിരിക്കുന്നത്. സിപിഐയുടേയും സിപിഐഎമ്മിന്റേയും രാഷ്ട്രീയ നേതൃത്വമാണ് വനംകൊള്ളയുടെ ഗുണഭോക്താക്കളെന്നും സുരേന്ദ്രന് പറഞ്ഞു.
‘മരം കൊള്ളയില്‍ പഴയ വനം മന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ മിണ്ടാത്തതെന്താണ്? കാനം രാജേന്ദ്രന്റെ മൗനം എന്താണ് തെളിയിക്കുന്നത്? പരിസ്ഥിതിവാദി എന്ന് പറയുന്ന ബിനോയ് വിശ്വം എന്താണ് മിണ്ടാത്തത്? എന്തുകൊണ്ടാണ് കൈയ്യിലുണ്ടായിരുന്ന വനം വകുപ്പ് ഒരു ചര്‍ച്ച കൂടാതെ കാനം രാജേന്ദ്രന് വിട്ടുകൊടുത്തത്? എല്ലാം പ്രതീക്ഷിച്ചിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്’, സുരേന്ദ്രന് ഡല്‍ഹിയില്‍ പറഞ്ഞു.
വിഷയം ക്യാബിനറ്റ് ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്നും അതല്ലെങ്കില്‍ ഒരു ഉദ്യോഗസ്ഥന് മാത്രം എടുത്ത തീരുമാനമാണോ എന്നുമുള്ള ചോദ്യവും സുരേന്ദ്രന് ഉന്നയിച്ചു. കര്‍ഷകരെ സഹായിക്കാനെടുത്ത തീരുമാനം എന്നാണ് പറഞ്ഞത്. കര്‍ഷകരെ സഹായിക്കാനെടുത്ത തീരുനമാനം പിന്നെ എന്തുകൊണ്ടാണ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വേണ്ടന്ന് വെച്ചത്? മൂന്ന് മാസത്തേക്ക് മാത്രം കര്‍ഷകരെ സഹായിക്കണമെന്നുള്ളതായിരുന്നോ തീരുമാനം ? കര്‍ഷകരെ സഹായിക്കാനുള്ള തീരുമാനമായിരുന്നങ്കില്‍ അതിലെ അഴിമതി ഒഴിവാക്കി അത് തുടരാമായിരുന്നല്ലോ. സംസ്ഥാന സര്‍ക്കാരിന് അഴിമതി ഇല്ലാതാക്കാനുള്ള സംവിധാനം ഇല്ലേ എന്നും സുരേന്ദ്രന് ചോദിച്ചു.
മരംമുറി സര്‍ക്കാരിന്റെ നയപരവും രാഷ്ട്രീയവുമായ തീരുമാനമാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇത് നടന്നത്. അത് ഉദ്യോഗസ്ഥരുടെ തലയില്‍കെട്ടിവെച്ച് രക്ഷപെടാം എന്ന് മുഖ്യമന്ത്രി വിചാരിക്കരുത്. ഐഎഎസ് ഉദ്യോഗസ്ഥന് മാത്രമെടുത്ത തീരുമാനമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ സസ്പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും സുരേന്ദ്രന് ചോദിക്കുന്നു.