ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് കുഴല്‍പ്പണക്കേസ് അന്വേഷണം മുറുകവെ കെ സുരേന്ദ്രനെയടക്കം രൂക്ഷമായി വിമര്‍ശിച്ച് മേജര്‍ രവി. ഈ നേതൃത്വവും പ്രവര്‍ത്തനരീതിയും തുടര്‍ന്നാല്‍ കേരളത്തില്‍ ബിജെപി ഇല്ലാതാകുമെന്ന് സംഘ്പരിവാര്‍ അനുഭാവിയായ സംവിധായകന് പറഞ്ഞു. കെ സുരേന്ദ്രന് അടക്കമുള്ളവര്‍ അന്വേഷണം നേരിടാന്‍ തയ്യാറാകണം. കൈകള്‍ ശുദ്ധമാണെങ്കില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പറയണം. പിണറായി അങ്ങനെ പറഞ്ഞതുകൊണ്ടാണ് 99 സീറ്റുകളുമായി വീണ്ടും വന്നത്. കുഴല്‍പ്പണക്കേസ് സംഭവത്തില്‍ കേരളത്തിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വലിയ വിഷമത്തിലാണ്. തനിക്ക് നിരവധി ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും മേജര്‍ രവി പറഞ്ഞു. ‘ആര്‍എസ്എസ് കെ സുരേന്ദ്രനെ കൈവിടുന്നു’ എന്ന വിഷയത്തില്‍ ന്യൂസ് മൊമന്റ്സ് വെബ്സൈറ്റ് ക്ലബ്ബ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് മേജര്‍ രവിയുടെ പ്രതികരണം.
ഒരു ബിജെപി പ്രവര്ത്തകന് എന്നെ ഫോണില്‍ വിളിച്ചു കരഞ്ഞു. ‘സാര്‍ ഞാന്‍ കഷ്ടപ്പെട്ട് മറ്റുള്ളവരെ സഹായിച്ചുകൊണ്ട് നടക്കുന്ന ഒരു അണിയാണ്’ എന്നെല്ലാം പറഞ്ഞു. അങ്ങനെയുള്ള ഒരിടത്താണ് ഹെലികോപ്ടറില്‍ കിടന്ന് കറങ്ങി ആര്‍ക്കൊക്കെയോ പൈസ കൊടുത്തെന്നും കോടികള്‍ മുക്കിയെന്നും കേള്‍ക്കുന്നത്.
മേജര്‍ രവി
തെരഞ്ഞെടുപ്പില്‍ ജയിക്കുകയല്ല, പണമുണ്ടാക്കുകയാണ് കേരളത്തിലെ ബിജെപി നേതാക്കളുടെ ലക്ഷ്യം. പാലക്കാട് മത്സരിച്ച ഇ ശ്രീധരനെ മാത്രമല്ല കാലുവാരിയത്. അദ്ദേഹം ഈ കെണിയില്‍ വന്ന് വീഴാന്‍ പാടില്ലായിരുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. കേരളത്തില്‍ ഒരുപാട് സ്ഥലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ ബിജെപി നേതാക്കള്‍ തന്നെ കാലുവാരിയിട്ടുണ്ട്. തന്റെ കാലുവാരിയെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച കൃഷ്ണ കുമാര്‍ എന്നോട് പരാതി പറഞ്ഞു. കേരളത്തിലെ ബിജെപിയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന കാര്യം ഞാന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരേയും അണികളേയും ജനങ്ങളേയും സംരക്ഷിക്കുന്ന കാര്യത്തില്‍ ബിജെപി സിപിഐഎമ്മിനെ കണ്ട് പഠിക്കണമെന്നും മേജര്‍ രവി പ്രതികരിച്ചു.
മേജര്‍ രവി പറഞ്ഞത്
“അന്വേഷണം വരുമ്പോള്‍ അവര്‍ അത് നേരിടണം. അവരുടെ ഭാഗം ശുദ്ധമാണെങ്കില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പറയണം. പിണറായി വിജയന് അത് പറഞ്ഞില്ലേ? അതുകൊണ്ടല്ലേ 99 സീറ്റുമായി വീണ്ടും തിരിച്ചുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ വോയ്സ് ക്ലിപ്പ് എവിടേയും ഇല്ലല്ലോ. ഇവിടെ വോയ്സ് ക്ലിപ്പ് കിടന്ന് കളിക്കുകയല്ലേ ഇപ്പോള്‍? ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ബിജെപിയുടെ അണികള്‍ വിഷമത്തിലാണ്. വീട്ടിലെ വാഴക്കുല വിറ്റ് സംഭാവന നല്കുന്ന പാവപ്പെട്ട ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ എനിക്കറിയാം. അവര്‍ക്ക് ഒരു വില പോലും കൊടുക്കാതെ ഇതുപോലുള്ള അഹങ്കാരം കാണിച്ചാല്‍ പിന്നെ എങ്ങനെയാണ് ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കുന്നത്? ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന കാര്യം ഞാന്‍ കേന്ദ്ര നേതൃത്വത്തെയടക്കം അറിയിച്ചിട്ടുണ്ട്.
തെരഞ്ഞടുപ്പില്‍ ജയിക്കുകയല്ല പണമുണ്ടാക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യം. അതാണ് ഇവിടെ കണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും വോട്ട് ശതമാനം കുറഞ്ഞത്. ഞാന്‍ പറയുന്നത് ബിജെപിയിലെ സാധാരണക്കാരുടെ വികാരമാണ്. ആര്‍എസ്എസുകാരും ബിജെപിക്കാരും വലിയ വിഷമത്തിലാണ്. എനിക്ക് എത്രയോ ഫോണ്‍കോളുകള്‍ വരുന്നു. ഒരാള്‍ ഫോണിലൂടെ കരഞ്ഞു. ‘സാര്‍ ഞാന്‍ കഷ്ടപ്പെട്ട് മറ്റുള്ളവരെ സഹായിച്ചുകൊണ്ട് നടക്കുന്ന ഒരു അണിയാണ്’ എന്നെല്ലാം പറഞ്ഞുകൊണ്ട്. അങ്ങനെയുള്ള ഒരിടത്താണ് ഹെലികോപ്ടറില്‍ കിടന്ന് കറങ്ങി ആര്‍ക്കൊക്കെയോ പൈസ കൊടുത്തെന്നും കോടികള്‍ മുക്കിയെന്നും കേള്‍ക്കുന്നത്. ഒരു കിലോ അരി വാങ്ങാന്‍ പണില്ലാത്തവനാണ് അണി. അവനേക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശക്തമായ ഒരു പാര്‍ട്ടിയാണ് കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇവിടുത്തെ എത്രയോ അണികളെ സഹായിക്കാമായിരുന്നു.
അണികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ സിപിഐഎമ്മിനെ കണ്ട് പഠിക്കണം. അവര്‍ പാര്‍ട്ടിക്കാരേയും അണികളേയും ജനങ്ങളേയും സംരക്ഷിക്കുന്നുണ്ട്. ജനങ്ങളെ സംരക്ഷിക്കല്‍ കാട്ടിക്കൂട്ടല് ആയി ചെയ്തിട്ട് കാര്യമില്ല. ഇവിടെ ബിജെപി അണികള്‍ക്ക് നേതാക്കളെ സമീപിക്കാന്‍ കഴിയുന്നില്ല. നേരിട്ട് വിളിച്ചതുകൊണ്ട് നേതാവ് തെറിപറഞ്ഞെന്ന് ഒരു അണി എന്നോട് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പോലുമാകാത്ത നേതാക്കന്മാരാണ് ഇവര്‍.
പാലക്കാട് ഇ ശ്രീധരന്റെ കാര്യത്തില്‍ മാത്രമല്ല കാലുവാരല്‍ നടന്നിരിക്കുന്നത്. തന്റെ കാലുവാരിയെന്ന് കൃഷ്ണകുമാര്‍ പരാതി പറഞ്ഞു. കേന്ദ്ര മന്ത്രിമാര്‍ വന്നപ്പോള്‍ തന്റെ പ്രചാരണത്തിന് അവര്‍ വരാതിരിക്കാന്‍ ശ്രമം നടന്നത് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ നിരവധി മണ്ഡലങ്ങളില്‍ ബിജെപിക്ക് വേണ്ടി പ്രസംഗിക്കാന്‍ പോയിരുന്നു. മത്സരിക്കണമെന്ന് നിര്‍ബന്ധിച്ചെങ്കിലും സ്ഥാനാര്‍ത്ഥിയായില്ല. എന്റെ കാലുവാരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മത്സരിക്കാതിരുന്നത്.
ആര്‍എസ്എസിനെ വര്‍ഗീയവാദികളാക്കി ചാപ്പ കുത്തുന്നത് രാഷ്ട്രീയ അജണ്ടയാണ്. അത് നടന്നോട്ടെ. അതിനെ തരണം ചെയ്യണമെങ്കില്‍ ബിജെപി മനുഷ്യരുമായി ഇടപഴകണം. എല്ലാ ജാതിമതക്കാരുമായി ഒരുമിച്ച് മുന്നോട്ട് പോകുമ്പോഴേ സമൂഹത്തിന് വിശ്വാസം വരികയുള്ളൂ. എല്ലാ മതങ്ങളും അവരുടേതായ ഇമ്മ്യൂണിറ്റി കാണിക്കും. നേതാക്കന്മാര് കൊടുക്കേണ്ട ന്യൂട്രാലിറ്റിയും ആത്മവിശ്വാസവും ബിജെപി അണികള്‍ക്ക് ലഭിക്കുന്നില്ല.”