വടകരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആര്‍എംപി നേതാവ് കെ കെ രമ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യവേ കൈരളി ന്യൂസ് ചാനലിലെ ദൃശ്യങ്ങള്‍ നിശ്ചലമായ സംഭവത്തില്‍ പരാതി. പിആര്‍ഡിയുടെ സാങ്കേതിക പ്രശ്നം കാരണമാണ് ദൃശ്യങ്ങള്‍ കിട്ടാതെ വന്നതെന്ന കൈരളി വാര്‍ത്താ അവതാരകന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ദിനു വെയിലാണ് പിആര്‍ഡിയെ സമീപിച്ചിരിക്കുന്നത്.
കെ കെ രമ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുന്‍പായി 10.53ന് കൈരളി ചാനലിന്റെ ദൃശ്യങ്ങള്‍ നിശ്ചലമായി. നല്കുന്ന ദൃശ്യങ്ങള്‍ പിആര്‍ഡിയാണ് നേരിട്ട് നല്‍കുന്നതെന്നും പിആര്‍ഡിയുടെ സാങ്കേതിക പ്രശ്നം കാരണമാണ് ദൃശ്യം നിശ്ചലമായതെന്നും കൃത്യമായി അവതാരകന് സൂചിപ്പിച്ചിരുന്നു.
ദിനു വെയില്
എന്നാല്‍ മറ്റ് ചാനലുകളുടെ ഉപഭോക്താക്കള്‍ക്ക് കൃത്യമായി ഈ വിഷ്വല്‍സ് കാണാനും സാധിച്ചു. അതിനാല്‍ കൈരളി ചാനലിന് മാത്രം പ്രസ്തുത സമയത്തെ വിഷ്വല്‍സ് നല്‍കാത്തതില്‍, പിആര്‍ഡിയുടെ വിവേചനപരമായ നിലപാടില്‍ ഒരു ഉപഭോക്താവ് എന്ന നിലയിലും പൗരനെന്ന നിലയിലും പരാതി അറിയിക്കുകയാണെന്നും കത്തിലുണ്ട്. ഇമെയിലായി അയച്ച പരാതിക്ക് വിശദീകരണമോ മറുപടിയോ കിട്ടിയിട്ടില്ലെന്ന് ദിനു ന്യൂസ്റപ്റ്റിനോട് പ്രതികരിച്ചു.
കൈരളി ടിവിയോടുള്ള വിവേചനം; ഉപഭോക്താവിന്റെ പരാതി
സര്,
ഞാന്‍ കൈരളി ചാനലിന്റെ അനേകം പ്രേക്ഷകരില്‍ ഒരാളാണ്. ഇന്ന് 24-05-2020ന് കേരള നിയമസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കൈരളി ടിവിയില്‍ കണ്ടുകൊണ്ടിരിക്കെ എംഎല്‍എയായ കെ കെ രമ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുന്‍പായി 10.53ന് കൈരളി ചാനലിന്റെ ദൃശ്യങ്ങള്‍ നിശ്ചലമായി. നല്കുന്ന ദൃശ്യങ്ങള്‍ പിആര്‍ഡിയാണ് നേരിട്ട് നല്‍കുന്നതെന്നും പിആര്‍ഡിയുടെ സാങ്കേതിക പ്രശ്നം കാരണമാണ് ദൃശ്യം നിശ്ചലമായതെന്നും കൃത്യമായി അവതാരകന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് ചാനലുകളുടെ ഉപഭോക്താക്കള്‍ക്ക് കൃത്യമായി ഈ വിഷ്വല്‍സ് കാണാനും സാധിച്ചു. അതിനാല്‍ കൈരളി ചാനലിന് മാത്രം പ്രസ്തുത സമയത്തെ വിഷ്വല്‍സ് നല്‍കാത്തതില്‍, പിആര്‍ഡിയുടെ വിവേചനപരമായ നിലപാടില്‍ ഒരു ഉപഭോക്താവ് എന്ന നിലയിലും പൗരനെന്ന നിലയിലും പരാതി അറിയിക്കുന്നു. പ്രസ്തുത വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും ഇത്തരം സാങ്കേതിക പ്രശ്നങ്ങളോ വിവേചനപരമായ നടപടികളോ തുടര്‍ന്ന് ഉണ്ടാകരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
വിശ്വാസപൂര്‍വ്വം ദിനു കെ