‘നായകന്റെ അടിയേറ്റ് വീഴണമായിരുന്നു, കറുത്തവര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരല്ല’; കടുവയിലെ വേഷം നിഷേധിച്ചതിനേക്കുറിച്ച് മൂര്‍

ഒടിടി റിലീസിന് പിന്നാലെ രോഹിത് വിഎസ് സംവിധാനം ചെയ്ത ‘കള’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ടൊവീനോ കഥാപാത്രത്തിന്റെ പ്രതിയോഗിയായ പ്രധാനകഥാപാത്രമായെത്തി മികച്ച പ്രകടനമാണ് നടന്‍ മൂര്‍ കാഴ്ച്ചവെച്ചത്. കള രണ്ടാം ചിത്രമാണെന്നും പതിനെട്ടാംപടിയിലെ വേഷം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും മൂര്‍ പറയുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേക്ക് ക്ഷണം ലഭിച്ചിരുന്നെന്നും അത് നിഷേധിച്ചെന്നും മൂര്‍ പറഞ്ഞു. ക്യാന്‍ചാനല്‍സ് എന്ന എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മൂറിന്റെ പ്രതികരണം.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേയ്ക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവച്ചു.

മൂര്‍

ആദ്യചിത്രമായ പതിനെട്ടാംപടിയില്‍ കേന്ദ്ര കഥാപാത്രമായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നു. പിന്നീട് നിര്‍മ്മാതാവിന്റെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി സംവിധായകന് ഒരുപാട് വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നു. സിനിമയില്‍ പിന്നീട് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ എഴുതിച്ചേര്‍ത്ത കഥാപാത്രമാണ് അമ്പൂട്ടി. താരപ്പകിട്ടില്‍ അത് ശ്രദ്ധിക്കപ്പെടാതെ പോയി. അതിന് ശേഷം സിനിമയേ വേണ്ടെന്ന് വെച്ചതാണ്. അതിനിടെയാണ് കളയിലേക്ക് വിളിവരുന്നതെന്നും മൂര്‍ പറഞ്ഞു.

നല്ല കഥാപാത്രങ്ങള്‍ വരട്ടെ, അതുവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്.

മൂര്‍