ടെലിവിഷന്‍, ബിഗ് ബോസ് താരം കാമ്യ പഞ്ചാബി കോണ്‍ഗ്രസിലേക്ക്; ബായ് ജഗ്തപിന്റെ സാന്നിദ്ധ്യത്തില്‍ അംഗത്വം സ്വീകരിക്കും

മുംബൈ: പ്രമുഖ ടെലിവിഷന്‍ താരം കാമ്യ പഞ്ചാബി കോണ്‍ഗ്രസില്‍ ചേരുന്നു. മുംബൈയിലെ ദാദറില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബായ് ജഗ്തപിന്റെ സാന്നിദ്ധ്യത്തില്‍ കാമ്യ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. നിരവധി ടെലിവിഷന്‍ സീരിയലുകളിലും ഷോകളിലും കാമ്യ ഭാഗമായിട്ടുണ്ട്. ബിഗ് ബോസ് ഏഴാം സീസണില്‍ മത്സരാര്‍ത്ഥിയായിരുന്നു കാമ്യ.

ഏറെ ജനപ്രീതി നേടിയ ശക്തി- അസ്തീവ കെ എഹ്‌സാസ് കി എന്ന ഷോയില്‍ കാമ്യയുണ്ടായിരുന്നു. ഈ ഷോയിലെ കാമ്യയുടെ പ്രകടനം ഏറെ ആരാധകരെ നേടിക്കൊടുത്തിരുന്നു. ഷോ അവസാനിച്ചതിന് ശേഷമാണ് കാമ്യയുടെ രാഷ്ട്രീയ പ്രവേശനം.

രാജ്യത്തെ സേവിക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി കരുത്തോടെ പ്രവര്‍ത്തിക്കാനും ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്നവര്‍ക്ക് വേണ്ടി പോരാടുന്നതിനും വേണ്ടി കൂടിയാണ് കോണ്‍ഗ്രസ് പ്രവേശനം. തനിക്ക് അധികാരത്തോട് ആര്‍ത്തിയില്ല. പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും കാമ്യ പഞ്ചാബി പറഞ്ഞു.

രാഷ്ട്രീയ നിരീക്ഷന്‍ തെഹ്‌സീന്‍ പൂനാവാലയും ചടങ്ങില്‍ പങ്കെടുക്കും. കാമ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.