‘പിണറായി കൊടുവാളുകൊണ്ട് കഴുത്ത് വെട്ടാനോങ്ങി, തടുത്തപ്പോള്‍ മുറിഞ്ഞത് കൈ’: വെട്ടേറ്റ കണ്ടോത്ത് ഗോപി

തിരുവനന്തപുരം: ദിനേശ് ബീഡി സൊസൈറ്റിയിലെ തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച തന്നെ പിണറായി വിജയന്‍ കൊടുവാളുകൊണ്ട് വെട്ടിയെന്ന ആരോപണവുമായി കണ്ണൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കണ്ടോത്ത് ഗോപി. തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജാഥ തടഞ്ഞ പിണറായി വിജയന്‍ തന്റെ കഴുത്തിന് നേരെ കൊടുവാള്‍ വീശിയെന്നും തടഞ്ഞപ്പോള്‍ കൈത്തണ്ടയില്‍ മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്താണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കണ്ടോത്ത് ഗോപി പറയന്നതിങ്ങനെ;

അടിയന്തരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ 26 ലേബര്‍ തൊഴിലാളികളാണുണ്ടായിരുന്നത്. 12 പേര്‍ എഐടിയുസിയുടെയും 12 ഐഎന്‍ടിയുസിയുടെയും രണ്ട് എച്ച്എംഎസിന്റെയും തൊഴിലാളികളെ നിയമിച്ചിരുന്നു. അന്ന് ആ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന പാണ്ഡ്യാല ഗോപാലന്‍ മാസ്റ്ററിനെ അറസ്റ്റ് ചെയ്ത കാലഘട്ടത്തിലാണ് ഈ നിയമനങ്ങള്‍ നടന്നത്. ഇതിന് ശേഷം 1977ല്‍ പികെവിയുടെ ഭരണം നടക്കുന്ന സമയത്ത് കേന്ദ്രത്തില്‍ മൊറാര്‍ജി ദേശീയിയുടെ ഭരണമാണ്. ആ കാലത്ത് ഈ 26 തൊഴിലാളികളെയും പിരിച്ചുവിട്ടു. അന്ന് നാഷണല്‍ ബീഡി ആര്‍ സിഗാര്‍ വര്‍ക്കേഴ്‌സിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഞാന്‍ ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കാല്‍നട പ്രചരണ ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം അന്ന് കാലത്ത് പത്തുമണിക്കായിരുന്നു. ഓലയമ്പലം ബസാറില്‍നിന്ന് ബെണ്ടട്ടായി റോഡ് തുടങ്ങുന്നതിന്റെ ഇടതുവശത്ത് ഞാനും മിനിങ്ങാന്ന് മരിച്ച സുരേന്ദ്രബാബു എന്ന ബാബു മാസ്റ്ററും നില്‍ക്കുകയായിരുന്നു.

അപ്പോഴാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു പത്തുമുപ്പത് പേര് ആയുധധാരികളായി വന്നത്. പിണറായി വിജയന്‍ മുമ്പിലുണ്ട്. കൊടുവാള്‍ അയാളുടെ കൈയ്യിലുണ്ട. താനാണോ ജാഥാ ലീഡന്‍ എന്ന് ചോദിച്ച് പിണറായി വിജയന്‍ എനിക്കുനേരെ കൊടുവാള്‍ ഉയര്‍ത്തി വെട്ടി. കഴുത്തിനുള്ള വെട്ട് ഞാന്‍ കൈകൊണ്ട് തടുത്തപ്പോഴുണ്ടായ മുറിവാണിത്.

അന്ന് എഐടിയുസിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന പിപി മുകുന്ദനായിരുന്നു ജാഥയുടെ ഉദ്ഘാടകന്‍. പഴയ കോണ്‍ഗ്രസ് നേതാവ് എംപി കൃഷ്ണന്‍ നായര്‍, സിപിഐ നേതാവ് കാരായി ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് എന്നെ പിണറായിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി കൈക്ക് മരുന്ന് വെച്ച് തുന്നിക്കെട്ടി. ജാഥ മുന്നോട്ടുപോകുമ്പോള്‍ പല സ്ഥലത്തുവെച്ചും അക്രമമുണ്ടായി. അന്ന് കേസുപോലും പിണറായി വിജയന്‍ സ്വാധീനമുപയോഗിച്ച് മായ്ച്ചുകളയാന്‍ ശ്രമിച്ചു. പിണറായി ആശുപത്രിയിലും ധര്‍മ്മടം പൊലീസ് സ്റ്റേഷനിലും അദ്ദേഹത്തിന് സ്വാധീനമുണ്ടായിരുന്നു. പൊലീസ് എന്റെ മൊഴിയെടുത്തെങ്കിലും എഫ്‌ഐആര്‍ ഇടാതെ കേസ് തേച്ചുമാച്ചുകളഞ്ഞു. പിണറായി വിജയനായിരുന്നു കൈ കൊത്തിയത് എന്ന് ഞാന്‍ പൊലീസില്‍ പറഞ്ഞിരുന്നു.

Also Read: താന്‍ പിണറായി വിജയനൊപ്പമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; പെര്‍ഫക്ട് ഓക്കെയെന്ന് ശബരീനാഥന്‍

പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് കെ സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്. പിണറായിയുടെ ആരോപണങ്ങള്‍ നിഷേധിച്ച സുധാകരന്‍, പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു. ഓഫ് ദ റെക്കോര്‍ഡ് ആയി പറഞ്ഞ കാര്യമാണ് വാരികയിലെ അഭിമുഖത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഉന്നയിച്ച ആരോരപണങ്ങളോട് അതേ പോലെ മറുപടി പറയാന്‍ തനിക്ക് സാധിക്കില്ല. പിആര്‍ ഏജന്‍സിയില്‍ നിന്ന് പുറത്ത വന്ന യഥാര്‍ത്ഥ പിണറായിയെ ആണ് ഇന്നലെ കണ്ടത്. അത് പോലെ തിരിച്ച് മറുപടി പറയാന്‍ തനിക്കാവില്ല. തന്റെ വ്യക്തിത്വവും തന്റെ സംസ്‌കാരവും ഇരിക്കുന്ന കസേരയുടെ മഹത്വവും പിണറായിയിലേക്ക് താഴാനാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.